വിവിധ ബാങ്കുകളിൽ രഹസ്യ അക്കൗണ്ടുകൾ; ജി. സുധാകരനെതിരെ ഡിവൈഎഫ്‌ഐ

അനധികൃത സ്വത്ത് സമ്പാദന ആരോപണം ആവർത്തിച്ച് ഡിവൈഎഫ്‌ഐ. ജി. സുധാകരന് വിവിധ ബാങ്കുകളിൽ അക്കൗണ്ടുകളുണ്ടെന്നും അതിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ പറഞ്ഞു. നാമനിർദ്ദേശ പത്രികയിൽ സുധാകരൻ വിവരങ്ങൾ മറച്ചുവെച്ചുവെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ പുറത്തുവന്നത് ഒരു ബാങ്കിലെ വിവരങ്ങൾ മാത്രമാണെന്നും സുധാകരന് മറ്റ് പല ബാങ്കുകളിലും അക്കൗണ്ടുകൾ ഉണ്ടെന്നുമാണ് ഡിവൈഎഫ്‌ഐയുടെ വാദം. സുധാകരന്റെ മകന്റെയും മരുമകളുടെയും സ്വത്തുവിവരങ്ങൾ കൂടി പുറത്തുവരാനുണ്ടെന്നും സുരേഷ് കുമാർ ആരോപിച്ചു. നാമനിർദ്ദേശ പത്രികയിൽ ബാലൻസ് കുറച്ചുകാണിക്കാൻ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ മാറ്റിയോ എന്ന് ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ജി. സുധാകരന്റെ നിലപാട്. തന്റെ സ്വത്തിനെക്കുറിച്ച് ഏത് അന്വേഷണ ഏജൻസിക്കും അന്വേഷിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. എന്നാൽ, ഇതോടൊപ്പം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാന്റെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം എച്ച്. സലാമിന്റെയും സ്വത്തുവിവരങ്ങൾ കൂടി അന്വേഷണത്തിന് വിധേയമാക്കണമെന്ന് സുധാകരൻ തിരിച്ചടിച്ചു.