ശബരിമലയിലെ വീഴ്ച: പിഴവ് സമ്മതിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍

ശബരിമലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അസാധാരണ തിരക്ക് ഭക്തര്‍ക്ക് കനത്ത ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച സംഭവത്തില്‍ ഒരുക്കങ്ങളിലെ വീഴ്ച സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്നും കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതല്ലെന്നു ജയകുമാര്‍ വ്യക്തമാക്കി.
ഹൈക്കോടതി പറഞ്ഞതെല്ലാം ശരിയാണ്. ഒരുക്കങ്ങള്‍ ആറു മാസം മുമ്പുതന്നെ ആരംഭിക്കേണ്ടിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ പൂര്ത്തിയാകാനായില്ല, എന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിപ്പിക്കുകയാണെന്നും രണ്ട് ദിവസത്തിനകം ആശങ്കകള്‍ പരിഹരിക്കാനാകുമെന്നുമാണ് ഉറപ്പുനല്‍കിയത്.
ഇന്നലെ ഭക്തര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളോട് ഖേദം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇനി ഇത്തരത്തിലുള്ള അവസ്ഥ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നത് എന്നും കൂട്ടിച്ചേര്‍ത്തു. ക്രമീകരണങ്ങളില്‍ ചിലയിടങ്ങളില്‍ ഉണ്ടായ വീഴ്ചക പരിഹരിക്കപ്പെടുകയാണെന്നും മൂന്ന് ദിവസത്തെ ശബരിമല സന്ദര്‍ശനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമായ മേഖലകള്‍ മനസ്സിലാക്കിയതായും ജയകുമാര്‍ പറഞ്ഞു.