രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി എടുത്താലും സ്വീകരിക്കും; കെ മുരളീധരന്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും കോണ്‍ഗ്രസ് അംഗീകരിക്കുമെന്നും മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക ഫോറത്തില്‍ രാഹുലിന് ഇനി സ്ഥാനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കട്ടെ. എംഎല്‍എ ആയാലും സാധാരണ പ്രവര്‍ത്തകന്‍ ആയാലും കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചോദിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. രാഹുലിനെതിരെ ശബ്ദരേഖ മാത്രം പുറത്തുവന്നിട്ട് ഒന്നും തെളിയില്ല. യാഥാര്‍ത്ഥ രേഖകള്‍ പുറത്തുവരണം എന്നു കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ലൈംഗികാരോപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പ്രതിസന്ധി രൂക്ഷമാകുകയാണ്. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിച്ചതായി ആരോപിക്കുന്ന ശബ്ദരേഖയും വാട്ട്‌സ്ആപ്പ് ചാറ്റും ഉള്‍പ്പെടെ പുതിയ തെളിവുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സജീവമായി രംഗത്ത് എത്തിയതിനിടെയാണ് വീണ്ടും ശബ്ദരേഖ പുറത്ത് വന്നത്, ഇതോടെ ലൈംഗികാരോപണ വിവാദം കൂടുതല്‍ ചൂടുപിടിച്ചു. പെണ്‍കുട്ടി ഔദ്യോഗിക പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.