ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ കെ.എസ്. ബൈജു വീണ്ടും എസ്.ഐ.ടി കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ തിരുരഭാവരണ കമ്മീഷണര്‍ കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയില്‍. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ വാങ്ങിയത്. അതേസമയം കട്ടിളപ്പാളിലെ സ്വര്‍ണ്ണം കടത്തിയ കേസില്‍ കെ എസ് ബൈജുവിന്റെ ജാമ്യപേക്ഷ തള്ളി.
ശബരിമല സ്വര്‍ണ്ണക്കടത്തു കേസിലാണ് ഏഴാം പ്രതിയായ മുന്‍ തിരുരഭാവരണ കമ്മീഷണര്‍ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്.പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കെ എസ് ബൈജുവിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യമെന്ന് എസ്.ഐ.ടി കോടതിയില്‍ വാദിച്ചു. പ്രോസിക്യൂഷന് വാദം അംഗീകരിച്ച കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു.ദ്വാരപാലക ശില്‍പ്പകങ്ങളിലെ സ്വര്‍ണ്ണം കടത്തിയ കേസിലാണ് കെ എസ് ബൈജുവിനെ കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം കട്ടിളപ്പാളിയിലെ സ്വര്‍ണ്ണക്കടത്തിയ കേസില്‍ കെ എസ് ബൈജുവിന്റെ ജാമ്യപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.കേസില്‍ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേള്‍ക്കാന്‍ അടുത്ത മാസം 3 ലേക്ക് മാറ്റി. ഡിസംബര്‍ 3ന് മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷയിലും കോടതി വിധി പറയും.