എസ്ഐടി സംഘം വീണ്ടും രാഹുലിന്റെ ഫ്ലാറ്റിൽ, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

പാലക്കാട്/തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തേടി എസ്ഐടി സംഘം. രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് ഫ്ലാറ്റിൽ വീണ്ടും എസ്ഐടി സംഘം വിശദമായ പരിശോധന നടത്തി. രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ എല്ലാവരും ഫ്ലാറ്റിലുള്ളിൽ കയറി പരിശോധന നടത്തി. മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്.
രാഹുലിന്റെ പേഴ്സണൽ അസിസ്റ്റൻറുമാരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്ഐടി സംഘം പാലക്കാട് എത്തിയത്. മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്റെ അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പരാതിക്കാരിയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ സൈബര്‍ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ പരാതിയിലാണ് പൊലീസ് കേസ്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയിൽ ഒരോ ജില്ലകളിലും കേസെടുക്കാനാണ് എഡിജിപി വെങ്കിടേഷിന്റെ നിര്‍ദേശം. സൈബര്‍ ആക്രമണത്തിൽ അറസ്റ്റുണ്ടാകുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും എഡിജിപി അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള യുവതിക്കെതിരായ സൈബര്‍ ആക്രമണത്തിലാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, പരാതിക്കാരിയായ യുവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം പാർട്ടിയുടെ അറിവോടെയല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അതേകുറിച്ച് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ല. അതിനുള്ള ഗൗരവം വിഷയത്തിൽ ഉണ്ടെന്ന് കരുതുന്നില്ല. രാഹുലിനെ ഒളിവിൽ കഴിയാൻ താൻ സഹായിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിന് ഒളിച്ചു പാർക്കാൻ അവസരം ഒരുക്കിയിരിക്കുന്നതെ കെപിസിസിയാണെന്നും അതിൽ സംശയമില്ലെന്നും രാഹുലിനെ പുറത്താക്കാത്തത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മന്ത്രി വി ശിവൻകുട്ടി ആരോപിച്ചിരുന്നു.