കോൺഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് മുൻ കോൺഗ്രസ് എംഎൽഎ നവ്ജ്യോത് കൗർ സിദ്ദു

കോയമ്പത്തൂർ: കോൺഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് മുൻ കോൺഗ്രസ് എംഎൽഎ നവ്ജ്യോത് കൗർ സിദ്ദു. രാഹുൽ ഗാന്ധിക്ക് താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങൾ അറിയില്ലെന്നും 2027-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്നും അവർ പ്രവചിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു നവ്ജ്യോത് കൗർ സിദ്ദു.

രാഹുൽ ഗാന്ധി സംസാരിക്കുന്നത് കേൾക്കാൻ രസമാണെങ്കിലും പറയുന്നത് പ്രവൃത്തിയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം പരാജയമാണെന്ന് നവ്ജ്യോത് കൗർ കുറ്റപ്പെടുത്തി. സ്വപ്നലോകത്തിലാണ് അദ്ദേഹം  ജീവിക്കുന്നത്. പഞ്ചാബ് കോണ്‍ഗ്രസിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടാൻ താൻ സമയം ചോദിച്ചിട്ടും രാഹുൽ അനുവദിച്ചില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റുകൾ നേരത്തെ തന്നെ ‘വിൽക്കപ്പെട്ടുകഴിഞ്ഞു’ എന്നും അവർ ആരോപിച്ചു.

“നിങ്ങൾക്ക് താഴെ എന്താണ് നടക്കുന്നത് എന്ന് അറിയില്ലെങ്കിൽ, ആ കസേരയിൽ ഇരിക്കാൻ നിങ്ങൾ അർഹനല്ല” എന്ന് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് നവ്ജ്യോത് കൗർ സിദ്ദു പറഞ്ഞു. തനിക്കും ഭർത്താവ് നവ്ജ്യോത് സിംഗ് സിദ്ദുവിനും വാഗ്ദാനം ചെയ്ത ഡെപ്യൂട്ടി മുഖ്യമന്ത്രി പദവി, എംപി സ്ഥാനാർത്ഥിത്വം എന്നിവ പാർട്ടി നൽകിയില്ലെന്നും നവ്ജ്യോത് കൗർ പറഞ്ഞു.

ഫെബ്രുവരി 6-നാണ് നവ്ജ്യോത് കൗർ സിദ്ദുവിനെ കോൺഗ്രസ് പുറത്താക്കിയത്. “500 കോടി രൂപ സ്യൂട്ട്കേസിൽ നൽകാൻ കഴിയുന്നവർക്കേ പഞ്ചാബിൽ മുഖ്യമന്ത്രിയാകാൻ കഴിയൂ” എന്ന വിവാദ പരാമർശമാണ് നടപടിക്ക് കാരണമായത്. ഈ പ്രസ്താവന കോൺഗ്രസിനെ ദേശീയ തലത്തിൽ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. തുടർന്ന് അവർ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ച് സാമൂഹിക മാധ്യമങ്ങളിൽ പരിഹസിക്കുകയും ചെയ്തു.

2012 മുതൽ 2016 വരെ ബിജെപിയിൽ പ്രവർത്തിച്ച നവ്ജ്യോത് കൗർ, വീണ്ടും പഴയ തട്ടകത്തിലേക്ക് മടങ്ങുമെന്ന സൂചനകൾ ശക്തമാണ്. ബിജെപി ഭരണ കാലത്ത് തനിക്ക് സ്വതന്ത്രമായി സംസാരിക്കാനും പ്രവർത്തിക്കാനും കഴിഞ്ഞിരുന്നുവെന്ന് നവ്ജ്യോത് കൗർ കഴിഞ്ഞ ദിവസം പറഞ്ഞത് ഇതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു.