വയനാട് ടൗണ്‍ഷിപ്പ്: ആദ്യഘട്ടം വീടുകളുടെ താക്കോല്‍ദാനം ഉടൻ

തിരുവനന്തുപുരം: മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച കല്‍പ്പറ്റ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടി വന്ന വിപത്തില്‍ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു’കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്നാണ് അന്ന് നമ്മള്‍ തീരുമാനമെടുത്തത്. ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങള്‍ നല്‍കാനല്ല, നടപ്പാക്കാനാണ് സര്‍ക്കാര്‍ എന്ന വിശ്വാസത്തിന് പത്തുവര്‍ഷത്തെ പ്രവര്‍ത്തനമുദ്ര ചാര്‍ത്തുന്ന നേട്ടമാണിത്.

ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നമ്മളെ എഴുതിത്തള്ളിയവരുണ്ടായി. നാടിന് അര്‍ഹമായ സഹായങ്ങള്‍ നിഷേധിക്കപ്പെട്ട ഘട്ടങ്ങളുണ്ടായി. ഈ ഉദ്യമത്തെ തകര്‍ക്കാനും കരിവാരിത്തേക്കാനും ശ്രമങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായി. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. ആ കരുത്തില്‍ സര്‍ക്കാര്‍ മുന്നേറി: പിന്നോട്ടു പോകാതെ, വഴിമാറാതെ. ഈ മഹാദൗത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും തൊഴിലാളികളും സാധാരണക്കാരും സുമനസ്സുകളും കൈകോര്‍ത്ത് നിന്നു.

യുവജനങ്ങളും സ്‌കൂള്‍ കുട്ടികളും തങ്ങള്‍ക്ക് കഴിയാവുന്ന വിധത്തില്‍ അധ്വാനിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. എല്ലാ ഭാഗത്തുനിന്നുമുള്ള സഹകരണത്തോടെ നാം പടുത്തുയര്‍ത്തിയത് വെറും കെട്ടിട സമുച്ചയം മാത്രമല്ല. അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ഉയര്‍ത്തിയ ആത്മവിശ്വാസത്തിന്റെ മറുപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏജന്‍സികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെയാണ് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാകുന്നത്. ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിത കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മിക്കും.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അതിജീവിതര്‍ക്ക് സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഭൂമി ഏറ്റെടുക്കല്‍. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2025 മാര്‍ച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടു. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പ്. ടൗണ്‍ഷിപ്പിന്റെ ശേഷിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.

25ന് വൈകുന്നേരം നാലിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഒ ആര്‍ കേളു, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ബി ഗണേഷ്‌കുമാര്‍, പി എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ റവന്യു- ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ് നന്ദി അറിയിക്കും.