എഐ ഉച്ചകോടിയിലെ പ്രതിഷേധം; പ്രതികൾക്കെതിരെ ചുമത്തിയത് ​ഗുരുതര വകുപ്പുകൾ, ഉന്നത ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡൽഹി പൊലീസ്

ഡൽഹി : 2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ നടന്ന പ്രതിഷേധത്തില്‍ ഉന്നത ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദില്ലി പൊലീസ്. പ്രതിഷേധിച്ചവർക്കെതിരെ ക്രിമിനൽ ​ഗൂഡാലോചന, കലാപത്തിന് ശ്രമം, മാരകായുധങ്ങളുപയോ​ഗിച്ച് ആക്രമിക്കൽ മുതലായ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ സാമ്പത്തിക സഹായം നല്‍കിയവരെ അടക്കം പിടികൂടാനുണ്ടെന്നും പൊലീസ് പറയുന്നു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെ യൂത്ത് കോൺ​ഗ്രസാണ് പ്രതിഷേധം നടത്തിയിരുന്നത്. എഐ ഉച്ചകോടി വേദിയിലെ ഹാളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ, ഷർട്ട് അഴിച്ച് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. യുഎസുമായി ഒപ്പുവച്ച പുതിയ വ്യാപാര കരാറിൽ ഇന്ത്യക്ക് ന്യായമായ നേട്ടങ്ങൾ ലഭിച്ചില്ലെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, യുപി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജയ് കുമാർ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ നരസിംഹ യാദവ് എന്നിവര്‍ സംഭവത്തില്‍ അറസ്റ്റിലായിരുന്നു.