ഗൾഫ് പ്രവാസികളുടെ ആശങ്കകൾക്ക് അവസാനം

ദുബായ്: യുദ്ധ സാഹചര്യം ഉടലെടുത്തതോടെ ഗൾഫ് മേഖലയിലെ ചില പ്രധാന വിമാനത്താവളങ്ങളിൽ നിന്നും നിർത്തിവച്ച വിമാന സർവീസുകൾ ചൊവ്വാഴ്ച പുനരാരംഭിച്ചു. ഇന്ന് ജിദ്ദയിൽ നിന്ന് ഹൈദരാബാദ്, മുംബയ് ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പത്ത് പ്രത്യേക വിമാന സർവീസുകൾ ഇൻഡിഗോ നടത്തും. കഴിഞ്ഞ ദിവസം ഇത്തിഹാദ് എയർവേയ്സ് അബുദാബിയിൽ നിന്ന് ഡൽഹി, മുംബയ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു.
ഇന്ന് ദുബായിൽ നിന്ന് ഡൽഹി, ചെന്നൈ, ബംഗളൂരു, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങൾക്കിടയിൽ എമിറേറ്റ്സ് സർവീസുകൾ നടത്തും. എന്നാൽ അബുദാബി, ദോഹ, ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 3 വരെ ആകാശ എയർ നിർത്തിവച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് മസ്‌കറ്റ് സർവീസുകൾ പുനരാരംഭിക്കുകയാണ്. അതേസമയം ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 3 വരെ നിർത്തിവച്ചിരിക്കുകയാണ്.
ഡൽഹി വിമാനത്താവളത്തിൽ ഇന്ന് ഇതുവരെ 36 പുറപ്പെടലുകളും 44 എത്തിച്ചേരലുകളും റദ്ദാക്കി. ബംഗളൂരുവിൽ ഇതുവരെ 44 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, യാത്രാസമയം വൈകുന്നുണ്ടെങ്കിലും നോർത്ത് അമേരിക്ക, യൂറോപ്പ് രാജ്യങ്ങളലേക്കുള്ള സർവീസുകൾ നടത്തുന്നുണ്ട്. ന്യൂയോർക്ക്, നെവാർക്ക് വിമാനസർവീസുകളും മുടങ്ങിയില്ല.
ഇറാൻ,ഇസ്രയേൽ,ലെബനൻ, സൗദി അറേബ്യ, ഒമാൻ, ഇറാഖ്, ജോർദാൻ, കുവൈത്ത്, യു.എ.ഇ, ഖത്തർ വ്യോമപാതകൾ അടഞ്ഞുകിടക്കുകയാണ്.യാത്രക്കാരുടെ ആശങ്കകളിൽ ഇടപെടാനും പരാതികൾ പരിഹരിക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ സജ്ജീകരിച്ച പാസഞ്ചർ അസിസ്റ്റൻസ് കൺട്രോൾ റൂം സജീവമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ സാമൂഹിക മാദ്ധ്യമങ്ങളിലും എയർസേവാ പോർട്ടലിലും പരാതി അറിയിക്കാം.