നിയമന കാലാവധികള്‍ നീട്ടി; ഇന്നത്തെ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വിവിധ ഭരണകാര്യങ്ങളില്‍ സംസ്ഥാന മന്ത്രിസഭ നിര്‍ണായക തീരുമാനങ്ങള്‍ കൈകൊണ്ടു.കെ സ്‌പെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. ലെവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ എ.ജി. ഒലീനയുടെ പുനര്‍നിയമന കാലാവധിയും 2025 ജൂണ്‍ 1 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. സമഗ്രശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. സുപ്രിയ എ.ആറിന്റെ കരാര്‍ കാലാവധിയും 2026 ജനുവരി 10 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ അനുമതി നല്‍കി.

കേരള ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക നൂതന വിദ്യ സര്‍വകലാശാലയുടെ സ്റ്റാറ്റിയൂട്ടിനും മന്ത്രിസഭ അംഗീകാരം നല്‍കി.

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കടമെടുപ്പ് പരിധി 2500 കോടി രൂപയില്‍ നിന്നും 3500 കോടി രൂപയായി ഉയര്‍ത്തുന്നതിനും അനുമതി നല്‍കി.

വനത്തില്‍ നടീല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുമായി വനം വകുപ്പ് തയ്യാറാക്കിയ പദ്ധതിയും അംഗീകരിച്ചു. പദ്ധതിയുടെ ഭാഗമായി ജര്‍മനിയിലെ കെഎഫ്ഡബ്ല്യു ഡെവലപ്മെന്റ് ബാങ്കില്‍ നിന്നും കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ മാറ്റ മന്ത്രാലയം മുഖേന വായ്പ സ്വീകരിക്കാനും അനുമതി നല്‍കി.

പത്തനംതിട്ട റാന്നി ഇട്ടിച്ചുവട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷം മുതല്‍ ബയോ സയന്‍സ് ബാച്ചില്‍ ആറു എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഒരു എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് തസ്തിക അപ്ഗ്രേഡ് ചെയ്യുന്നതിനും മന്ത്രിസഭ അനുമതി നല്‍കി.

പത്തനംതിട്ട ജില്ലയിലെ ആവണിപ്പാറ ട്രൈബല്‍ കോളനിയിലേക്കുള്ള ആവണിപ്പാറ പാലം നിര്‍മ്മാണത്തിനായി 2.19 കോടി രൂപയുടെ ടെണ്ടറും മന്ത്രിസഭ അംഗീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ കരിച്ചേരി പുഴയ്ക്ക് കുറുകെയുള്ള മുനമ്പം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഷീറ്റ് പൈലിംഗ് ഉള്‍പ്പെടുത്തി പുതുക്കിയ 22.11 കോടി രൂപയുടെ എസ്റ്റിമേറ്റിനും ഭരണാനുമതി നല്‍കി.