മന്ത്രി വിദ്യാഭ്യാസ വകുപ്പിന്റെ കാര്യം നോക്കിയാൽ മതി, കോർപറേഷൻ ചെയ്യേണ്ടത് ചെയ്യുമെന്ന് മേയർ

തിരുവനന്തപുരം: കോർപറേഷൻ ചെയ്യേണ്ടത് ചെയ്യുമെന്നും മന്ത്രി വിദ്യാഭ്യാസ വകുപ്പിന്റെ കാര്യം നോക്കിയാൽ മതിയെന്നുമുള്ള മേയർ വി വി രാജേഷിന്റെ പരാമർശത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി. സർക്കാരിന് എല്ലാ ജോലിയും ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ട്. തർക്കത്തിന് വരേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളിലും ഇടപെടാൻ സർക്കാരിനും മന്ത്രിമാർക്കും അധികാരമുണ്ട്. അതിനനുസരിച്ച് കാര്യങ്ങളിൽ ഇടപെട്ടോളാമെന്നും മന്ത്രി പ്രതികരിച്ചു. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തിൽ കോർപ്പറേഷനും സർക്കാരും തമ്മിൽ തർക്കം രൂക്ഷമാകവേയാണ് മന്ത്രിയുടെ പ്രതികരണം.
ആറ്റുകാൽ പൊങ്കാല കോർപ്പറേഷൻ നല്ല രീതിയിൽ നടത്തിയതായി മന്ത്രി തന്നെ പറഞ്ഞതാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് വിമർശനമെന്നുമാണ് മേയർ പറഞ്ഞത്. ഞങ്ങളുടെ ജോലി ഞങ്ങൾ ചെയ്തുകൊള്ളാം. വിദ്യാഭ്യാസ വകുപ്പിന്റെ ജോലി അവർ ചെയ്യട്ടേയെന്നും മേയർ കൂട്ടിച്ചേർത്തിരുന്നു.
പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടായോയെന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർഡിഒയെ ചുമതലപ്പെടുത്തിയതായി നേരത്തെ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.