വർഗ വഞ്ചകന് മാപ്പില്ല’; ജി സുധാകരനെതിരെ പോസ്റ്ററുകൾ പതിപ്പിച്ച് സിപിഎം

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി സുധാകരനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘വർഗ വഞ്ചകന് മാപ്പില്ല’, ‘വോട്ടില്ല’ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിന്റെ മതിലുകളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. രക്തസാക്ഷികൾ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയാണ് സിപിഎം പ്രവർത്തകർ പോസ്റ്ററുകളൊട്ടിച്ചത്.

ജി സുധാകരനെതിരെ വരും ദിവസങ്ങളിൽ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. നാളെ മുതൽ വിശദീകരണ യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംജി പറഞ്ഞു. മറ്റാർക്കും നൽകാത്തത്രയും പരിഗണന പാർട്ടി ജി സുധാകരന് നൽകിയിട്ടുണ്ടെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആ‌ർ നാസർ നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രായം കാരണമാണ് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് മാറ്റി ആലപ്പുഴ ജില്ലയുടെ ചുമതലകൾ നൽകിയത്.

എന്നാലദ്ദേഹം ജില്ലാ കമ്മിറ്റികളിലൊന്നും പങ്കെടുത്തില്ലെന്നും നാസർ ആരോപിച്ചിരുന്നു.’പാർട്ടിയുടെ കേവലമൊരു മുതിർന്ന നേതാവ് എന്ന രീതിയിലല്ല ഞങ്ങൾ സുധാകരൻ സഖാവിനെ കാണുന്നത്. രക്തസാക്ഷിയുടെ സഹോദരൻ എന്ന നിലയിൽ മറ്റുള്ളവർക്ക് നൽകുന്നതിനേക്കാൾ പരിഗണനയാണ് സുധാകരൻ സഖാവിന് നൽകിയത്.

ഒരു കാലത്തും ഒരു അവഗണനയും ഞങ്ങൾ അദ്ദേഹത്തോട് കാണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രായം 75 കഴിഞ്ഞതിനാലാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്’- എന്നാണ് ആ‌ർ നാസർ വ്യക്തമാക്കിയത്. ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജി സുധാകരൻ അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.