കെ സുധാകരനെ അനുനയിപ്പിക്കാൻ ഡൽഹിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി

കണ്ണൂർ: സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിൽ നേതൃത്വം. സുധാകരനെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ എത്താനാണ് നിർദേശം. കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾക്കിടെ പിണങ്ങിയാണ് സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്.
എംപിമാർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്ന് ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളെ കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ, സുധാകരൻ കണ്ണൂരിൽ മത്സരിക്കാനായി നേരത്തേ തന്നെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. സുധാകരൻ പറയുന്ന ആളെ മത്സരിപ്പിക്കാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചെങ്കിലും അദ്ദേഹം പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ സുധാകരനെ രാഹുൽ ഗാന്ധി നേരിട്ട് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നത്.കെപിസിസി അദ്ധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയപ്പോൾ സുധാകരൻ ചില ആവശ്യങ്ങൾ ഹൈക്കമാൻഡിന് മുമ്പിൽ വച്ചിരുന്നുവെന്നാണ് വിവരം. ഇത് അംഗീകരിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പുനൽകിയതായും സൂചനയുണ്ട്. ഇതിൽ കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നതായാണ് വിവരം.