എംആർ അജിത് കുമാറിനെ ബെവ്‌കോ സിഎംഡിയായി നിയമിച്ചു

തിരുവനന്തപുരം: എക്‌സൈസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത എംആർ അജിത് കുമാറിനെ ബെവ്‌കോ സിഎംഡിയായി നിയമിച്ചു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണർ പദവിയിൽ നിന്ന് നീക്കം ചെയ്തത്. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും നിയമനത്തിനും സ്ഥലംമാറ്റത്തിനുമടക്കം സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയുണ്ടാവണമെന്നുമാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്.

എക്‌സൈസ് കമ്മിഷണർ എന്നത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കേഡർ പോസ്റ്റാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപി റാങ്കിലുള്ള അജിത് കുമാറിന് തൽസ്ഥാനത്തുനിന്ന് മാറേണ്ടി വന്നത്. അഡീഷണൽ കമ്മിഷണർക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്.261 ഐഎഎസ് കേഡർ തസ്തികകളാണ് കേരളത്തിലുള്ളത്. ഇതിൽ 126 സീനിയർ തസ്തികകളാണ്.

സിഎടി ഉത്തരവ് പ്രകാരം സ്ഥാനക്കയറ്റം, വിരമിക്കൽ, രണ്ടുമാസത്തിൽ കുറയാത്ത ഡെപ്യൂട്ടേഷൻ എന്നീ സാഹചര്യങ്ങളിലൊഴികെ ഐഎഎസുകാരെ ഒരു പദവിയിൽ രണ്ടുവർഷം തുടരാൻ അനുവദിക്കേണ്ടിവരും. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും അഡി. ചീഫ് സെക്രട്ടറി, വകുപ്പുസെക്രട്ടറി എന്നിവർ അംഗങ്ങളുമായ സിവിൽ സർവീസ് ബോർഡ് ചേർന്ന് കാര്യകാരണസഹിതം ഉത്തരവിറക്കാതെ സ്ഥലംമാറ്റം, നിയമനം, സസ്‌പെൻഷൻ ഇവയൊന്നും നടക്കില്ല.