ആൻ്റണി രാജുവിന് പകരമാര്? തിരുവനന്തപുരം സീറ്റ് സിപിഎം എടുക്കില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് സിപിഎം എടുക്കില്ല. ആൻ്റണി രാജുവിന് പകരം സ്ഥാനാർത്ഥിയെ കണ്ടെത്താൻ ജനാധിപത്യ കേരളാ കോൺഗ്രസിന് നിർദ്ദേശം. പൊതുസ്വതന്ത്രനും ആലോചനയിലുണ്ട്. തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് കനത്ത തിരിച്ചടി നേരിട്ടതോടെയാണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നത്.

ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ജനാധിപത്യ കേരളാ കോൺഗ്രസിന് അനുവദിച്ച സീറ്റ് ഏറ്റെടുക്കില്ലെന്നാണ് സിപിഎം നിലപാട്. മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആന്റണി രാജുവിന് കൂടി സമ്മതനായ ഒരു സ്ഥാനാർത്ഥിയാകും തിരുവനന്തപുരത്ത് വരിക. പൊതുസ്വീകാര്യർ അടക്കം പരിഗണനയിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലെ ആശയ വിനിമയത്തിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ ധാരണ ഉണ്ടാകും.

അതിനിടെ, തിരുവനന്തപുരം സീറ്റിനായി വീണ്ടും കേരള കോൺഗ്രസ് (എം) സമ്മർദ്ദം ശക്തമാക്കി. 13-ാം സീറ്റായി തിരുവനന്തപുരം വേണമെന്നാണ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി എൽഡിഎഫില്‍ ആവശ്യപ്പെട്ടത്. മുൻപ് നടന്ന സീറ്റ് ചർച്ചകളിലും കേരള കോൺഗ്രസ് (എം) തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അന്തിമ തീരുമാനമുണ്ടായിരുന്നില്ല. ഇതിനിടെ ആന്റണി രാജുവിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വീണ്ടും ആവശ്യം ശക്തമാക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ നീക്കം. എന്നാൽ, ജനാധിപത്യ കേരളാ കോൺഗ്രസിന് തന്നെ സീറ്റ് നിലനിർത്തുമെന്നാണ് ഇടതുപക്ഷ നിലപാട്.