മറുപടി നൽകേണ്ട വേദികളിൽ മുഖ്യമന്ത്രി കൃത്യമായി പ്രതികരിക്കാറുണ്ടെന്നും വി എൻ വാസവൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് മന്ത്രി വി എൻ വാസവൻ . ദേവസ്വം ബോർഡും, സർക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. സുപ്രീംകോടതിയിലെ ബോർഡിൻ്റെ നിലപാട് സർക്കാരിൻ്റേതിൽ നിന്ന് ഭിന്നമല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോട് കോടതി ഈ ഘട്ടത്തിൽ നിലപാട് ചോദിച്ചിട്ടില്ല. കോടതിയുടെ ഇടപെടൽ സംബന്ധിച്ച് ഉന്നയിച്ച 7 ചോദ്യങ്ങൾക്കുള്ള മറുപടി സർക്കാർ നൽകിയിട്ടുണ്ട്. യുവതി പ്രവേശനത്തിൽ കൃത്യമായ മറുപടിയില്ല. സമയമാകുമ്പോൾ അത് വ്യക്തമാക്കാം.
സ്വർണ്ണകൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ടത് താനാണ്. സർക്കാരാണ് പ്രതികളെ പിടിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ ചർച്ചയേയല്ലെന്നും വാസവൻ. അതേസമയം പത്തനംതിട്ട കോന്നിയിൽ പ്രസംഗത്തിനിടെ മുഖ്യമന്ത്രി നൽകിയ വിവാദ മറുപടിയിലും വി എൻ വാസവൻ പ്രതികരിച്ചു. പൊതു പരിപാടി അലങ്കോലപ്പെടുത്താനായിരുന്നു ശ്രമം. മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിൻ്റെ ഭാഷയാണ്, അതിൽ അനൗചിത്യമില്ല. ഉമ്മൻ ചാണ്ടിയുമായി താരതമ്യം ചെയ്യുന്നത് രാഷ്ട്രീയം. മറുപടി നൽകേണ്ട വേദികളിൽ മുഖ്യമന്ത്രി കൃത്യമായി പ്രതികരിക്കാറുണ്ടെന്നും വി എൻ വാസവൻ പറഞ്ഞു.