രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. സ്വത്തുവിവരങ്ങൾ മറുച്ചുവച്ചെന്ന കോൺഗ്രസിന്റെ പരാതിയെത്തുടർന്ന് നാമനിർദേശപത്രികയുടെ സൂഷ്മ പരിശോധന താൽക്കാലിമായി മാറ്റിവച്ചിരിക്കുകയായിരുന്നു. പത്രിക സ്വീകരിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് നേമത്തെ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥ് പറഞ്ഞു.
മുതിർന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതിൽ തെറ്റില്ല. പക്ഷേ എന്തിനാണു അത് മറച്ചുവയ്ക്കുന്നുതെന്നും ശബരീനാഥൻ ചോദിച്ചു. എൻഡിഎ അക്കൗണ്ടു പൂട്ടിക്കാൻ സുവർണാവസരം ലഭിച്ചിട്ടും സിപിഎം ഉപയോഗിക്കാത്തത് ഡീലാണെന്നും ശബരി ആരോപിച്ചു.
സത്യവാങ്മൂലത്തിൽ കർണാടകയിലെ അടക്കമുള്ള സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്ന് ആക്ഷേപം സുഷ്മ പരിശോധനയ്ക്കിടയിൽ യു ഡി എഫ് ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് മാറ്റിവച്ചത്. ബംഗളൂരുവിലെ കോറമംഗലയിൽ 49,000ചതുരശ്രഅടി വിസ്തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ മറച്ചുവച്ചുവെന്നാണ് യു ഡി എഫിന്റെ ആരോപണം.എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കോൺഗ്രസ് ആരോപണത്തിന് മറുപടിയും അദ്ദേഹം നൽകി. ഇത് കോൺഗ്രസിന്റെ ഒരു രീതിയാണെന്നും ധെെര്യമുണ്ടെങ്കിൽ കേസ് കൊടുക്കാനും അദ്ദേഹം വെല്ലുവിളിച്ചു.’2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതുപോലെയാണ് കോൺഗ്രസ് ചെയ്തത്. നുണപറയുന്നവരാണ് കോൺഗ്രസ്. നൂറ് ശതമാനവും കള്ളമാണ് കോൺഗ്രസ് പറയുന്നത്. ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇതിലൂടെ അവർ ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് സത്യം അറിയാം.
തിരഞ്ഞെടുപ്പിൽ വികസനമാണ് ചർച്ച ചെയ്യേണ്ടത്. അത് ബിജെപി ചെയ്യുന്നുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങൾ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്’ -രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.111.11കോടി രൂപയുടെ ആസ്തിയാണ് രാജീവ് ചന്ദ്രശേഖറിനും ഭാര്യയ്ക്കുമുള്ളതെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. ഇതിൽ രാജീവ് ചന്ദ്രശേഖറിന് 93.88കോടിയും ഭാര്യക്ക് 18.10കോടിയുമാണ് ആസ്തി. 2024ലെ സത്യവാങ്മൂലത്തിൽ ഈ സ്വത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.