‘ബിൽ പാസായാൽ പിന്നെന്ത് ചർച്ച?’ കടുത്ത വിമർശനവുമായി ബാലഗോപാൽ

സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെയും മദ്യനികുതി ഇളവിനെതിരെയും കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിവാദ ഫയലുകൾ നീങ്ങിത്തുടങ്ങിയത് ഇടതുപക്ഷ സർക്കാരിന്റെ കാലത്താണെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോഴത്തെ ഭരണപക്ഷം ശ്രമിക്കുന്നതെന്നും എന്നാൽ മുഖ്യമന്ത്രിയുടേത് പൂർണ്ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിൽ ചർച്ച ചെയ്ത ശേഷമേ പുതിയ മദ്യനയം നടപ്പിലാക്കൂ എന്നാണ് എക്സൈസ് മന്ത്രി ഉൾപ്പെടെയുള്ളവർ നിയമസഭയിൽ പറയുന്നത്. എന്നാൽ സഭയിൽ ബില്ല് പാസാക്കിയ ശേഷം ഇത്തരം ചർച്ചകൾ നടത്തുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് ബാലഗോപാൽ ചോദിച്ചു.
ബില്ല് പാസാക്കിക്കഴിഞ്ഞാൽ അത് കൈവിട്ടുപോയ എറിഞ്ഞ കല്ല് പോലെയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പുതിയ നികുതി ഇളവുകളിലൂടെ മദ്യപാനം എന്നത് വെറും ‘കൂൾഡ്രിങ്സ്’ കുടിക്കുന്നത് പോലെ ഒരു സോഷ്യൽ ഡ്രിങ്കിങ്ങായി മാറാൻ സാധ്യതയുണ്ടെന്നും ഇത് സമൂഹത്തിൽ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ ഈ വിഷയത്തിൽ വാദി പ്രതിയായ അവസ്ഥയാണ് ഉള്ളത്. മനസ്സിൽ ഒന്നു വെച്ചുകൊണ്ട് പുറമേക്ക് മറ്റൊന്ന് പറയുന്ന ഇരട്ടത്താപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ജനങ്ങളെ പറ്റിക്കുന്ന ഇത്തരം നിലപാടുകളിൽ നിന്നും സർക്കാർ പിന്മാറണമെന്നും കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.