പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തി’ കലാപരിപാടികളൊരുക്കി ആവേശത്തോടെ മോദിയെ വരവേറ്റ് നഗരം

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തി. ഹെലികോപ്‌റ്ററിൽ കുട്ടനല്ലൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങിയ മോദി തുറന്നവാഹനത്തിൽ റോഡ്ഷോയായാണ് സ്വരാജ് റൗണ്ടിലെ സമ്മേളനവേദിയിലേക്ക് നീങ്ങിയത്. എൻഡിഎ സ്ഥാനാർത്ഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ്‌കുമാർ എന്നിവർ അദ്ദേഹത്തിനൊപ്പം റോഡ്ഷോയിൽ പങ്കെടുത്തു.

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും റോഡ്‌ ഷോയുടെ ഭാഗമായി. 900 മീറ്റർ ദൂരത്തിൽ പലയിടങ്ങളിലായി വിവിധ കലാരൂപങ്ങളുടെ അവതരണങ്ങളാണ് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിക്കായി ഒരുക്കിയത്. രണ്ടരവർഷത്തിനിടയിൽ മൂന്നാം തവണയാണ് പ്രധാനമന്ത്രി തൃശൂരിൽ എത്തിയത്.

കേരളം മാറ്റത്തിന്റെ സന്ദേശം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞിരുന്നു. എൻഡിഎയുടെ വർദ്ധിച്ചുവരുന്ന ജനസമ്മതിയും ബിജെപിയോട് ജനങ്ങൾക്ക് കൂടിവരുന്ന വിശ്വാസത്തിലും അത് കാണാൻ സാധിക്കുമെന്നും മോദി പറഞ്ഞു. ഡീൽ ആരോപണങ്ങളെ പരാമർശിച്ച മോദി, ബിജെപിയാണ് തിരഞ്ഞെടുപ്പിലെ എ ടീമെന്ന് പറഞ്ഞു. ഇടത് വലത് പാർട്ടികൾ ചേർന്ന് ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.