വിജയ് മത്സരിക്കുന്നത് രണ്ട് മണ്ഡലങ്ങളിൽ;കന്നിയങ്കത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടി വി കെ

ചെന്നൈ: തമിഴ‌്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടി വി കെ (തമിഴക വെട്രി കഴകം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പാർട്ടി നേതാവും നടനുമായ വിജയ്. പാർട്ടി അദ്ധ്യക്ഷനായ വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്​റ്റിലും മത്സരിക്കുന്നുണ്ട്. ടി വി കെ സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്യുന്നത് തനിക്ക് വോട്ടുചെയ്യുന്നതുപോലെയാണെന്നും എല്ലാസ്ഥാനാർത്ഥികളെയും ജയിപ്പിക്കണമെന്നും വിജയ് അഭ്യർത്ഥിച്ചു.

ഡി എം കെയുടെ കോട്ട എന്ന് വിശേഷണമുള്ള മണ്ഡലമാണ് പെരമ്പൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡി എം കെ സ്ഥാനാർത്ഥി 54,976 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്ന് വിജയിച്ചത്. 2011ൽ നിലവിൽ വന്ന മണ്ഡലമായ തിരുച്ചിറപ്പള്ളിയും നിലവിൽ ഡി എം കെയുടെ കയ്യിലാണ്. 53,797 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡി എം കെ സ്ഥാനാർത്ഥി ഇവിടെ വിജയിച്ചത്.

ഇതിനുമുമ്പുനടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും എ ഐ എ ഡി എം കെ സ്ഥാനാർത്ഥികളാണ് വിജയിച്ചത്.ഒരു അവസരം നൽകണം എന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് വിജയ് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. പാർട്ടി ചിഹ്നമായ വിസിൽ ഉയർത്തിക്കാണിച്ചുകൊണ്ട് ‘ വിസിലിന് വോട്ടുചെയ്യുക. ഇത് വിസിൽ വിപ്ലവ തിരഞ്ഞെടുപ്പാണിത്’ എന്ന് പറയുകയുംചെയ്തു.

തനിക്കെതിരായ അനീതികൾക്ക് മറുപടി നൽകണം. തമിഴ്നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും വിജയ് ആവശ്യപ്പെട്ടു. ലഹരി ഇല്ലാത്ത തമിഴ്നാട്, ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ തുടങ്ങിയവയാണ് വിജയ് ഉർത്തിക്കാണിക്കുന്ന ഗ്യാരണ്ടികൾ. മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യത്തോടെ പ്രമുഖ മുന്നണികളുടെ ഭാഗമാകാതെ ഒറ്റയ്ക്കാണ് ടി വി കെ മത്സരിക്കുന്നത്.