നടിയുടെ ലൈംഗിക പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ചയായിരിക്കും പരിഗണിക്കുക. കൊച്ചിയിലെ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചുവെങ്കിലും പ്രൊഡക്ഷൻ വാറണ്ട് തയ്യാറാകാത്തതിനാൽ ശനിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത രഞ്ജിത്തിനെ നിലവിൽ എറണാകുളം സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
രാവിലെ നോർത്ത് വനിതാ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. നാളെയും മറ്റെന്നാളും കോടതി അവധി ആയതിനാലാണ് അപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചയിലേയ്ക്ക് മാറ്റിയത്. അന്ന് പൊലീസ്, കസ്റ്റഡി അപേക്ഷ നൽകുമെന്നും വിവരമുണ്ട്.ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്ന് ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. രാത്രി തൊടുപുഴ പുളിയൻമല റൂട്ടിൽ മുട്ടത്തിനു സമീപം രഞ്ജിത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസെടുത്ത വിവരമറിഞ്ഞ് രഞ്ജിത്ത് ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്നായിരുന്നു ഇത്.ഡി.ജി.പിക്കും കൊച്ചി സെൻട്രൽ പൊലീസിനുമാണ് നടി പരാതി നൽകിയത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. കാരവനിൽ അനുമതിയില്ലാതെ പ്രവേശിച്ച ശേഷം രഞ്ജിത്ത് കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
എറണാകുളം സിറ്റി ഡി.സി.പി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുമ്പാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രഹസ്യമായി രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.