പിഷാരടിയെ തടഞ്ഞതിന് നഗരസഭാംഗം ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

പാലക്കാട് ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ പാലക്കാട് നഗരസഭയിലെ ബിജെപി അംഗം സിന്ധു രാജനും ബന്ധുക്കളായ 2 പേർക്കുമെതിരെ ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം തടഞ്ഞു, വോട്ടു ചോദിക്കരുതെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിട്ടുള്ളത്.

പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷിന്റെ പരാതിയിലാണു നടപടി. കേസെടുത്ത വിവരം പൊലീസ് പാലക്കാട് നിയമസഭാ മണ്ഡലം വരണാധികാരിയെ അറിയിക്കും. സ്ഥാനാർഥി ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർനടപടി. ബുധനാഴ്ച രാത്രിയാണു വടക്കന്തറ മനയ്ക്കൽത്തൊടിയിൽ രമേഷ് പിഷാരടിയെ തടഞ്ഞത്.