വനിത സംവരണ ബിൽ പാസാക്കാൻ കഴിയാത്തതിൽ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി വനിത സംവരണ ബിൽ പാസാക്കാൻ കഴിയാത്തതിൽ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയിലെ സ്ത്രീശക്തി ഉയർന്നു പറക്കുന്നതിൽ നിന്ന് പ്രതിപക്ഷം എങ്ങനെയാണ് തടഞ്ഞതെന്ന് ഇന്ത്യയിലെ ഓരോരുത്തരും കണ്ടതാണ്. എല്ലാത്തരത്തിലും ശ്രമിച്ചിട്ടും വനിതാ സംവരണ ഭേദഗതി ബിൽ പാസാക്കാനായില്ല. അതിന് എല്ലാ അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെ നരേന്ദ്രമോദി രൂക്ഷവിമർശനമാണ് മോദി ഉന്നയിച്ചത്. തൃണമൂൽ കോൺഗ്രസ്,​ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ സ്ത്രീവിരുദ്ധരെന്ന് നരേന്ദ്ര മോദി പറഞ്ഞു,​ രാജ്യത്തെ സ്ത്രീകളുടെ ചെലവിൽ കഴിയുന്ന അവസരവാദികളുടെ കൂട്ടമാണ് പ്രതിപക്ഷമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.വെള്ളിയാഴ്ച രാത്രി ലോക്‌സഭയിൽ നടന്ന വോട്ടെടുപ്പിൽ 298 എംപിമാർ വനിത സംവരണ ബില്ലിനെ പിന്തുണച്ചപ്പോൾ 230 പേർ എതിർത്ത് വോട്ട് ചെയ്തു. രേഖപ്പെടുത്തിയ 528 വോട്ടുകളിൽ കുറഞ്ഞത് 352 എണ്ണം ബിൽ അംഗീകരിക്കാൻ ആവശ്യമായിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ബില്ല് ലോക്സഭയിൽ പരാജയപ്പെടുകയായിരുന്നു.