തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച്; പുതിയ പാർട്ടിയുണ്ടാക്കുമെന്ന് പി വി അൻവർ

കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് പി വി അൻവർ. എറണാകുളം കളമശേരി സീ പാർക്ക് ഹോട്ടലിൽ ഇന്ന് ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്താണ് തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുമ്പോട്ട് പോകേണ്ടതില്ലെന്ന പ്രമേയം കമ്മിറ്റിയിൽ ഐക്യകണ്‌ഠേന അംഗീകരിച്ചതെന്നും പി വി അൻവർ കുറിച്ചു.
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവയ്‌ക്കുന്നതായും തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അദ്ദേഹം അറിയിച്ചു.മേയ് രണ്ടാം വാരം പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കുമെന്നും ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനമായിരിക്കുമെന്നും പി വി അൻവർ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AlTC) കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്നു. ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്,തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
ഇതോടുകൂടി ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ എന്ന സ്ഥാനം ഞാൻ രാജിവെക്കുന്നതായും,തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അറിയിക്കുന്നു.സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മതേതര – ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനും,
ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും,ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവൻ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ച വിവരം അറിയിക്കുന്നു.ബാക്കി കാര്യങ്ങൾ അല്പസമയത്തിനകം നടക്കുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കും. പി വി അൻവർ