നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു

ചെന്നെെ: നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് മണിവരെയാണ് പോളിംഗ്. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും ഒറ്റഘട്ടമായിയാണ് പോളിംഗ് നടക്കുന്നത്. തമിഴ്നാട്ടിൽ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്തിലുൾപ്പെട്ട 152 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. സംഘർഷങ്ങൾ കണക്കിലെടുത്ത് ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വടക്കൻ, പശ്ചിമ, ദക്ഷിണ ബംഗാളിലെ 16 ജില്ലകളിൽ ഉൾപ്പെടുന്നതാണ് ബംഗാളിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന 152 സീറ്റുകൾ. ശേഷിക്കുന്ന 142 മണ്ഡലങ്ങളിൽ 29നാണ് വോട്ടെടുപ്പ്.
മുൻ തിരഞ്ഞെടുപ്പുകളെക്കാൾ വാശിയേറിയ പ്രചാരണത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും സൗജന്യങ്ങൾ വാഗ്ദാനം ചെയ്തുമാണ് ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗന സഖ്യം വോട്ടുതേടിയത്. കോൺഗ്രസ്, സിപിഎം, സിപിഐ, ഡിഎംഡികെ പാർട്ടികൾക്കൊപ്പം എസ്ഡിപിഐയും ഈ മുന്നണിയിലാണ്.
ഡിഎംകെ മന്ത്രിമാരുടെ അഴിമതിയും ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീസുരക്ഷയില്ലായ്മയും ഉയർത്തിയാണ് ബിജെപി, അണ്ണാ ഡിഎംകെ എന്നിവ ഉൾപ്പെടുന്ന എൻഡിഎ പ്രചാരണം നയിച്ചത്. പിഎംകെ അടക്കമുള്ള പാർട്ടികളും എൻഡിഎയിലുണ്ട്. പ്രധാനമായും ഡിഎംകെയെ ആക്രമിച്ചായിരുന്നു നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയുടെ പ്രചാരണം. എല്ലാ മണ്ഡലത്തിലും ടിവികെ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്.ബംഗാളിലും ഇത്തവണ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്.
2011 മുതൽ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനെ പുറത്താക്കാൻ ലക്ഷ്യമിട്ട് ബംഗാളിൽ ബിജെപി സർവ സന്നാഹത്തോടെയുള്ള പ്രചാരണമാണ് നടത്തിയത്. തൃണമൂൽ മമതാ ബാനർജിയിൽ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസും സിപിഎമ്മും വോട്ടുകളുറപ്പിക്കാൻ പരമാവധി ശ്രമിക്കുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി സുവേന്ദു അധികാരി (നന്ദിഗ്രാം), കോൺഗ്രസിലെ അധീർ രഞ്ജൻ ചൗധരി (ബെഹരാംപൂർ) തുടങ്ങിയവരാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.