നിതിൻ രാജിൻ്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും

കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും. വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. തലശ്ശേരി സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ നിതിൻ രാജിന്റെ അച്ഛൻ കേസിൽ കക്ഷി ചേർന്നിരുന്നു. ഇവരുടെ വാദം ഇന്ന് കോടതി കേൾക്കും.
നിതിൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച ദിവസം പ്രിൻസിപ്പളിന്റെ മുറിയിൽ വച്ച് നടന്ന ചോദ്യം ചെയ്യലിൽ ഡോക്ടർ റാമും സംഗീതയും ഉണ്ടായിരുന്നില്ല എന്നാണ് ഇരുവരുടെയും അഭിഭാഷകർ കോടതിയെ അറിയിച്ചത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കോളേജ് മാനേജ്മെന്റും പറയുന്നത്. ജാതീയ അധിക്ഷേപവും മാനസിക പീഡനവും പ്രതികളായ അധ്യാപകരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായി എന്ന വാദമാണ് പ്രോസിക്യൂഷൻ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, കുസാറ്റിൽ ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാർത്ഥി ധനേഷിന്റെ പോസ്റ്റ്മോർട്ടം ഇന്ന്.