“എഎപിയിൽ കലഹം കത്തുന്നു: ബിജെപിയിൽ ചേർന്ന എംപിമാർക്കെതിരെ അയോഗ്യത നീക്കം”

ഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി എഎപി നേതൃത്വം രംഗത്ത്. പാർട്ടി വിപ്പ് ലംഘിച്ചും കൂറുമാറ്റ നിരോധന നിയമം കാറ്റിൽ പറത്തിയും ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സഞ്ജയ് സിംഗ് എംപി രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണന് കത്ത് നൽകി.

പാർട്ടി വിട്ട നേതാക്കൾക്കെതിരെ രാജ്യവ്യാപകമായി ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ബിജെപിയിൽ ചേർന്ന മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിനെതിരായ പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ സുരക്ഷ കേന്ദ്രസർക്കാർ ‘ഇസഡ് പ്ലസ്’ (Z+) ആയി ഉയർത്തി. പാർട്ടി പ്രവർത്തകർ വഞ്ചകരെന്ന് വിളിച്ചാണ് മുൻ എംപിമാർക്കെതിരെ തെരുവിലിറങ്ങുന്നത്.

പാർട്ടിയിലുണ്ടായ വൻ കൊഴിഞ്ഞുപോക്ക് തടയാൻ അരവിന്ദ് കെജ്‌രിവാൾ നേരിട്ട് രംഗത്തിറങ്ങി. ഡൽഹിയിലെയും പഞ്ചാബിലെയും എംഎൽഎമാരുമായി അദ്ദേഹം ഇന്ന് നിർണ്ണായക ചർച്ചകൾ നടത്തും. സംഘടനാരംഗത്ത് കെജ്‌രിവാൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സജീവമല്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് തടയുകയാണ് പാർട്ടിയുടെ ലക്ഷ്യം.