ഹര്‍ത്താൽ; ദേശീയപാതയിൽ കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതകുരുക്ക്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗതാഗതകുരുക്കുണ്ടായത്. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കിൽ കുടുങ്ങിയ ഒന്‍പത് മണിക്കെങ്കിലും പരീക്ഷ കേന്ദ്രത്തിൽ എത്താനായില്ലെങ്കിൽ ഓണ്‍ലൈനായുള്ള പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമാണുള്ളത്. 

നിരവധി വിദ്യാര്‍ത്ഥികളാണ് വാഹനം തടഞ്ഞതിനെതുടര്‍ന്ന് യാത്ര തുടരാൻ കഴിയാതെ പ്രതിസന്ധിയിലായത്. ദേശീയപാത ഉപരോധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം. സ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് മറ്റു പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പൊലീസ് ഇടപെടലിനെതുടര്‍ന്ന് നിലവിൽ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ബസുകള്‍ അടക്കം ഇപ്പോഴും കടത്തിവിടുന്നില്ല.

റോഡിൽ നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ല പൊലീസ് ശ്രമത്തിനിടെ കണിയാപുരത്ത്  സംഘര്‍ഷമുണ്ടായി. ഹർത്താൽ അനുകൂലികളും പൊലീസും തമ്മിലാണ് സംഘർഷം ഉണ്ടായത്. ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് നിലവിൽ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടത്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ തര്‍ക്കമുണ്ടായി. ബസുകൾ കടത്തി വിടാൻ പൊലീസ് ശ്രമിച്ചതിനെതുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.