മിൽമ പാലിന് ലിറ്ററിന് നാല് രൂപ കൂടും; പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടൻ വില വർദ്ധന നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ ഡയറക്ടർ ബോർഡ് യോഗം ശുപാർശ ചെയ്തു. ലിറ്ററിന് നാല് രൂപ വീതം കൂട്ടാനാണ് തീരുമാനമെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം വൈകിയേക്കും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർദ്ധന സംബന്ധിച്ച പ്രാഥമിക ധാരണയിലെത്തിയത്.

പാലിന് ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ വർദ്ധിപ്പിക്കണമെന്നായിരുന്നു മിൽമയുടെയും വിവിധ മേഖല യൂണിയനുകളുടെയും ആവശ്യം. കാലിത്തീറ്റ വിലയും പരിപാലന ചിലവും വർദ്ധിച്ച സാഹചര്യത്തിൽ പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് യൂണിയനുകൾ സർക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം മേഖല യൂണിയൻ മിൽമ ആസ്ഥാനത്ത് പരസ്യ പ്രതിഷേധം വരെ നടത്തിയിരുന്നു. ഈ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ലിറ്ററിന് നാല് രൂപ വരെ കൂട്ടാൻ സർക്കാർ അനുമതി നൽകിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ മാത്രമേ പുതിയ വില നടപ്പിലാക്കാൻ സാധിക്കൂ. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി ലഭിക്കുകയാണെങ്കിൽ മെയ് 1 മുതൽ തന്നെ വില വർദ്ധന പ്രാബല്യത്തിൽ വരുത്താനുള്ള നീക്കവും മിൽമയുടെ ഭാഗത്തുനിന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്തിമ തീയതി വരും ദിവസങ്ങളിൽ വ്യക്തമാകും.