വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ സർവേ നാടകം? പുതിയ ആരോപണങ്ങൾ ശക്തം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രിസ്ഥാന ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാൻ സംഘടിത പി.ആർ നീക്കങ്ങൾ നടക്കുന്നതായി ആരോപണം ശക്തമാകുന്നു.

“ELECTION VDS 2026” എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നേരത്തെ നടന്ന ക്യാമ്പയിന്റെ തുടർച്ചയായാണ് ഇപ്പോൾ ചില പ്രമുഖ ദൃശ്യ മാധ്യമങ്ങളെയും ഒരു ദേശീയ മാധ്യമത്തെയും കൂട്ടുപിടിച്ച് പുതിയ സർവേ റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമമെന്ന സൂചന പുറത്തുവരുന്നത്.

യുഡിഎഫിന് അനുകൂലമായ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ, “മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ജനപിന്തുണ ആര്ക്കാണ്?” എന്ന തരത്തിലുള്ള സാങ്കൽപ്പിക സർവേ ചോദ്യങ്ങൾ ഉയർത്തി വി ഡി സതീശനെ മുന്നിൽ നിർത്തുന്ന റിപ്പോർട്ടുകൾ പുറത്തുവിടാനാണ് ശ്രമമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

മീഡിയ വൺ ഉൾപ്പെടെ മൂന്ന് പ്രമുഖ ചാനലുകളും ഒരു ദേശീയ മാധ്യമവും ഈ അണിയറ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സൃഷ്ടിക്കുന്ന ട്രെൻഡുകൾക്ക് പിന്നാലെ ചാനൽ സർവേകളിലൂടെ പൊതുഭാവം സ്വാധീനിക്കാനുള്ള നീക്കമാണിതെന്നാണ് വിമർശനം.

കോൺഗ്രസിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പരമ്പരാഗത രീതി വ്യക്തമാണ്. തിരഞ്ഞെടുപ്പിന് ശേഷം പാർലമെന്ററി പാർട്ടി യോഗത്തിൽ ഏറ്റവും കൂടുതൽ പിന്തുണ നേടുന്ന നേതാവിനെ ഹൈക്കമാൻഡിന്റെ അംഗീകാരത്തോടെ മുഖ്യമന്ത്രിയാക്കുക എന്നതാണ് പതിവ്. ഒരു ഘട്ടത്തിലും തിരഞ്ഞെടുപ്പിന് മുമ്പ് ഔദ്യോഗികമായി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന രീതി പാർട്ടിക്കില്ല.

ഒരു ഡി.സി.സി അധ്യക്ഷൻ പോലും ആകാതെ നേരിട്ട് പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയ ഒരാളെ “സ്വാഭാവിക മുഖ്യമന്ത്രി മുഖം” ആയി സ്ഥാപിക്കാൻ ശ്രമിക്കുന്ന പി.ആർ രാഷ്ട്രീയത്തെ പ്രവർത്തകരും ജനങ്ങളും ഗൗരവമായി കാണുന്നുണ്ടെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്നെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ എന്ത് ഫലമുണ്ടാകുമെന്ന് തനിക്ക് അറിയാമെന്ന് വി ഡി സതീശൻ തന്നെ മുൻപ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.

സൈബർ സ്പേസിലെ ലൈക്കുകളും ഷെയറുകളും കൊണ്ട് സൃഷ്ടിക്കുന്ന “CM 2026” സ്വപ്നം യാഥാർത്ഥ്യമാകില്ലെന്നും, ജനങ്ങളുടെ വിശ്വാസവും പാർട്ടിയുടെ ആഭ്യന്തര പിന്തുണയുമാണ് യഥാർത്ഥ നിർണായക ഘടകമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.