നേമത്ത് കടുത്ത പോരാട്ടം; മൂന്ന് മുന്നണികളും വിജയം ലക്ഷ്യമിട്ട് രംഗത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ നേമം മണ്ഡലത്തിൽ അത്യന്തം വാശിയേറിയ പോരാട്ടം നടന്നുവെന്ന് മുന്നണികളുടെ വിലയിരുത്തൽ. കടുത്ത മത്സരമാണ് നടന്നതെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. എങ്കിലും 2000-ത്തിന് മുകളിൽ ഭൂരിപക്ഷം നേടി മണ്ഡലം നിലനിർത്താമെന്ന് ഇടതുമുന്നണി കരുതുന്നു. മതേതര വോട്ടുകൾ ബിജെപിക്കെതിരെ ഏകീകരിക്കപ്പെട്ടതാണ് എൽഡിഎഫിന്റെ പ്രധാന പ്രതീക്ഷ.

നേമത്ത് വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ലഭിച്ച ആറായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നിയമസഭയിലും ആവർത്തിക്കുമെന്നും, ഭൂരിപക്ഷം പതിനായിരത്തിനടുത്ത് എത്തുമെന്നും ബിജെപി അവകാശപ്പെടുന്നു. തീരദേശ വോട്ടുകളിൽ ഇത്തവണ വിള്ളലുണ്ടാവില്ലെന്നും അവർ കരുതുന്നു. യുഡിഎഫ് നാടാർ വോട്ടുകളുടെ പിൻബലത്തിൽ 2000 മുതൽ 3000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. മുസ്‌ലിം വോട്ടുകൾ ഭിന്നിച്ചത് വി. ശിവൻകുട്ടിക്ക് ദോഷം ചെയ്തേക്കാമെന്ന് എൽഡിഎഫ് ആശങ്കപ്പെടുന്നുണ്ട്. കൂടാതെ എസ്ഡിപിഐ വോട്ടുകളെച്ചൊല്ലിയുള്ള വിവാദങ്ങൾ തിരിച്ചടിയാകുമോ എന്ന ഭയവും ഇടതുക്യാമ്പിലുണ്ട്. എന്നാൽ നാടാർ വോട്ടുകൾ അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.