പുനലൂരിൽ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് പരാതി

കൊല്ലം: പുനലൂരിൽ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് പരാതി. പുനലൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്കെതിരെയാണ് (ബോയ്സ് ഹോം) പരാതി. 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് വാർഡൻ ടോമും പാചകക്കാരൻ ബിജു കുര്യനും ചേർന്ന് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പുനലൂർ പൊലീസ് കുട്ടിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

ബിജു കുര്യന്റെ 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ പാചകക്കാരനും വാർഡനും ചേർന്ന് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലിസിൽ പരാതി നൽകി.വീട്ടിലെത്തിയ കുട്ടി അസ്വാഭാവികത പ്രകടിപ്പിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് സംഭവം കുട്ടി പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞെങ്കിലും വാർഡനും പാചകക്കാരനും കേൾക്കാൻ തയ്യാറായില്ല.

കേസിൽ കുക്കിന്റെയും വാർഡനിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. സ്ഥപാനത്തിന് മുന്നിൽ ഇന്ന് രാവിലെ നാട്ടുകാർ പ്രതിഷേധിച്ചു.സ്ഥാപനം അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മകനെ കാലിൽ കയർ കെട്ടി ഫാനിന്റെ ഹൂക്കിലാണ് തൂക്കിയിട്ടതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മകന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ട്. മുൻപും മകനെ ഉപദ്രവിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് മകന്റെ ചെകിടത്താണ് അടിച്ചതെന്നും പിതാവ് ആരോപിച്ചു. അതേസമയം, പറയുന്നതുപോലെ അക്രമസംഭവങ്ങൾ ഒന്നും നടന്നിട്ടില്ലെന്നാണ് സ്ഥാപനം നടത്തിപ്പുകാരനായ പ്രിൻസ് പറയുന്നത്.