‘യുഡിഎഫിന് കേരളം ഭരിക്കാൻ കഴിയില്ല’; തമ്മിലടി കണ്ട് വോട്ടർമാർ പോലും നിരാശയിൽ

തിരുവനന്തപുരം: എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്. 60 മുതൽ 69 സീറ്റ് വരെ എൽഡിഎഫിന് കിട്ടുമെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നുണ്ടെന്നും കേവലഭൂരിപക്ഷത്തിന് പിന്നെ രണ്ട് സീറ്റല്ലേ വേണ്ടതുള്ളൂവെന്നും ഗോവിന്ദൻ ചോദിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ഫലമായിരിക്കും നാളെ വരുന്നത്. നല്ല ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കും. മൂന്നാം തവണയും എൽഡിഎഫ് വരും. എക്സിറ്റ് പോൾ ഫലം ഉൾപ്പടെ സൂക്ഷ്മമായി പരിശോധിച്ചാൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന സൂചനയിലേക്കാണ് എത്താനാകുക. നൂറിന് മുകളിൽ കിട്ടുമെന്ന് പറഞ്ഞ് വനവാസം പ്രഖ്യാപിച്ചവർ അതിൽനിന്ന് മാറി. 60-69 സീറ്റ് വരെ എൽഡിഎഫിന് കിട്ടുമെന്ന് എക്സിറ്റ് പോൾ പറഞ്ഞിട്ടുണ്ട്. പിന്നെ രണ്ടെണ്ണമല്ലേ വേണ്ടതുള്ളൂ. അതിലധികം കിട്ടാൻ സാദ്ധ്യതയുണ്ട്.

കോൺഗ്രസിൽ ഇപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ പേരിൽ തമ്മിലടിയാണ്. ഇനി മന്ത്രിമാരുടെ പേരിലും പോര് നടക്കും. ഇവർക്ക് കേരളം ഭരിക്കാൻ കഴിയില്ല. അത് ഇവിടെയുള്ള ജനങ്ങൾക്ക് നല്ലപോലെ അറിയാം. ഇവരുടെ തമ്മിലടി കണ്ട് യുഡിഎഫിന് വോട്ട് ചെയ്തവ‌ർ പോലും വോട്ട് ചെയ്ത തീരുമാനം തെറ്റായി പോയിയെന്ന് പറയുന്നു. സർക്കാർ വിരുദ്ധവികാരം ഇല്ലെന്നാണ് എക്സിറ്റ് പോൾ ഫലം തന്നെ പറയുന്നത്. ബിജെപിയ്ക്ക് ഒരു സീറ്റും കിട്ടില്ല. നേമത്ത് ഉറപ്പായും എൽഡിഎഫ് ജയിക്കും. കഴക്കൂട്ടവും വട്ടിയൂർക്കാവും ഞങ്ങൾ തന്നെ അധികാരത്തിൽ വരും’- ഗോവിന്ദൻ വ്യക്തമാക്കി.