‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; വോട്ടിംഗ് യന്ത്രത്തിൽ അതേ സന്ദേശം തേടി വോട്ടർമാർ

തിരുവനന്തപുരം: പാർട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ശേഷം മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയ 2016ലെ തിരഞ്ഞെടുപ്പിലെ എൽഡിഎഫ്‌ പ്രചാരണവാക്യം എല്ലാവർക്കും ഓർമ്മയുണ്ടാകും. ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കേരളം കരകയറുന്ന സമയത്തായിരുന്നു 2021ലെ തിരഞ്ഞെടുപ്പ് അന്ന് ‘ഉറപ്പാണ് എൽഡിഎഫ്’ എന്നായിരുന്നു പ്രചാരണ വാക്യം. ജനങ്ങൾ ഉറച്ച് കൂടെനിന്നതോടെ 99 സീറ്റിൽ ജയിച്ച് നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടി പിണറായിയുടെ നേതൃത്വത്തിൽ തന്നെ എൽഡിഎഫ് അധികാരത്തിലെത്തി.

ഇത്തവണ ജനവിരുദ്ധ വികാരമില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് പിണറായി 3.0 എന്ന വിളിപ്പേരുമായി എൽഡിഎഫ് മത്സരത്തിനിറങ്ങിയത്. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?’ എന്നതായിരുന്നു പരസ്യവാചകം. അക്ഷരാ‌ർത്ഥത്തിൽ ജനങ്ങൾ പോളിംഗ് ബൂത്തിലെത്തി വോട്ടിംഗ് യന്ത്രത്തിൽ നോക്കിയതും അതുതന്നെയായിരുന്നു കേട്ടോ. എൽഡിഎഫ് അല്ലാതെ മറ്റാരെ ജയിപ്പിക്കാമെന്ന്.

കോന്നിയിൽ ഇലക്ഷൻ പ്രചാരണത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടിരിക്കുന്ന പൊതുജനങ്ങളിലെ ഒരാൾ ഒരു കാര്യം ചോദിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ വീട്ടിൽ പോയി ചോദിക്ക് എന്ന് കടുത്ത മറുപടി നൽകിയ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ജനം കടുത്ത ശിക്ഷയാണ് തോൽവിയിലൂടെ നൽകിയത്. സഭയിൽ നിന്നും ‘കടക്ക് പുറത്ത്’ എന്നുപറഞ്ഞ് അവർ പുറത്താക്കി.കണ്ണൂരിലെ പാർട്ടി കോട്ടകളായ പയ്യന്നൂരും തളിപ്പറമ്പും പോലും ഇത്തവണ എൽഡിഎഫിന് സുരക്ഷിതമല്ല.

മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് ആറ് റൗണ്ട് പിന്നിൽ നിന്നിട്ടാണ് ലീഡ് നേടാനായത്. സംസ്ഥാന മുഖ്യമന്ത്രിയുടെ ലീഡ് 3000മാത്രമാണ് ഇപ്പോഴും. 14 മന്ത്രിമാരാണ് തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇടത് സഖ്യകക്ഷിയായ കേരള കോൺഗ്രസ്(എം)​ വട്ടപൂജ്യമാണ് ഇത്തവണ. കഴിഞ്ഞതവണ യുഡിഎഫിൽ വലിയ തകർച്ച നേരിട്ട ആർഎസ്‌പിയും കേരള കോൺഗ്രസും ഇത്തവണ നില മെച്ചപ്പെടുത്തി.

ഇതിൽ ആർഎസ്‌പിയുടെ തിരിച്ചുവരവായി ഈ തിരഞ്ഞെടുപ്പ് എന്ന് പറയാം.’എൽഡിഎഫ് വരും കേട്ടോ’ എന്ന് പറഞ്ഞത് ജനം യുഡിഎഫ് വന്നു കേട്ടോ എന്ന് തിരുത്തിയിരിക്കുകയാണ്. പാർട്ടി ശക്തികേന്ദ്രമായിരുന്ന വടകരയിൽ ടി പി ചന്ദ്രശേഖരൻ സ്‌മൃതി ദിനത്തിൽ കെ കെ രമയെത്തന്നെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുത്തു. ഏറെ പ്രതീക്ഷയർപ്പിച്ച പല മണ്ഡലങ്ങളും കൈയാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ വീഴാവുന്ന നിലയിൽ ടെൻഷനിലായി ഇടത്‌പക്ഷം.

കൊല്ലം ജില്ലയിൽ പാർട്ടി തകർന്നടിഞ്ഞപ്പോൾ ഒരുഘട്ടത്തിൽ സഖ്യകക്ഷിയായ സിപിഐയ്‌ക്ക് പിന്നിലേക്ക് സിപിഎം പോയി. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌ കുമാർ പോലും തോൽവിയിലേക്ക് നീങ്ങി. രണ്ടാം പിണറായി സർക്കാരിൽ ആദ്യം ഗതാഗത മന്ത്രിയാകുകയും പിന്നീട് തൊണ്ടിമുതൽ കേസിൽ സർക്കാരിന് നാണക്കേടുണ്ടാകുകയും ചെയ്‌ത ആന്റണി രാജു മത്സരിച്ച് ജയിച്ച തിരുവനന്തപുരം മണ്ഡലത്തിൽ മത്സരം ഇത്തവണ യുഡിഎഫിലെ സി പി ജോണും ബിജെപിയിലെ കരമന ജയനും തമ്മിലാണ്.

പ്രതിപക്ഷനേതാവ് വി ഡി സതീശനെ ഇരട്ടപേര് വിളിച്ച് പരിഹസിച്ച മുന്നണി ഇപ്പോൾ സതീശന്റെ അതേ തിരഞ്ഞെടുപ്പ് പ്ളാൻ വലിയരീതിയിൽ ജനങ്ങൾ ഏറ്റെടുക്കുന്നത് കാണുകയാണ്. ജനകീയ അടിത്തറയിൽ പടുത്തുയർത്തിയ ഇടത് പ്രസ്ഥാനത്തിൽ നിന്ന് തദ്ദേശ,​ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജനം അകന്നതായാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പകരം തങ്ങളുടെ അഭയകേന്ദ്രമായി യുഡിഎഫിനെ അവർ കണ്ടു എന്ന് തന്നെയാണ് ഈ ഫലം നൽകുന്ന സന്ദേശം.