മുഖ്യമന്ത്രി സതീശാ…, കൊച്ചിയിലെത്തിയ വിഡി സതീശന് വന്‍ സ്വീകരണം; തോളിലേറ്റി പ്രവര്‍ത്തകര്‍

കൊച്ചി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയതിന് പിന്നാലെ വി.ഡി സതീശന് വമ്പന്‍ വരവേല്‍പ്പ്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയ സതീശനെ ആവേശത്തോടെയാണ് എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി സതീശാ… വിളികളോടെയാണ് ആവേശത്തോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയത്. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയതിന് ശേഷം വളരെ പാടുപെട്ടാണ് അദ്ദേഹം പുറത്തേക്കിറങ്ങാനെത്തിയത്.

എന്നാല്‍ വാതിലിന് മുന്നില്‍ വരെ പ്രവര്‍ത്തകര്‍ തടിച്ച് കൂടിയതിനാല്‍ പുറത്തേക്ക് കാല് വയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് പ്രവര്‍ത്തകരുടെ തോളിലേറിയാണ് അദ്ദേഹം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറത്തേക്ക് എത്തിയത്. അവിടെ നിന്ന് കാറില്‍ പ്രവേശിക്കാനും അദ്ദേഹം പാടുപെട്ടു. തുടര്‍ന്ന് കാറിന്റെ സണ്‍റൂഫിലൂടെ പുറത്തേക്ക് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് അദ്ദേഹം പുറത്തേക്ക് പോയത്.

കേരളത്തിലെ പാര്‍ട്ടി തുടര്‍ച്ചയായി രണ്ട് തവണ പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു. അവിടെ നിന്നാണ് 102 സീറ്റുകള്‍ നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് വരുന്നത്. ഇതിന് പിന്നിലെ ഏറ്റവും വലിയ ശക്തി വി.ഡി സതീശന്‍ തന്നെയാണ് എന്നാണ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. കേരളത്തില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന പേരില്‍ അണികള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുള്ളപ്പോഴാണ് സതീശന് വമ്പന്‍ സ്വീകരണം ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സതീശന്റെ അവകാശവാദത്തിന് ഇനി ശക്തി കൂടുകയും ചെയ്യും.