കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ, ഹൈക്കമാൻഡ് നേതാക്കളെ കണ്ട് രമേശ് ചെന്നിത്തല. ഡൽഹിയിലെത്തിയ അദ്ദേഹം രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ചരിത്രവിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചതായും താൻ അതീവ സന്തോഷവാനാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം ഹൈക്കമാൻഡ് കൃത്യസമയത്ത് കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ സംഘടനാ ചുമതലയുമായി ബന്ധപ്പെട്ടാണ് ഡൽഹിയിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായ സാഹചര്യത്തിൽ ഈ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. കേരള ഹൗസിൽ എത്തിയ അദ്ദേഹത്തിന് അനുയായികൾ വലിയ സ്വീകരണമാണ് നൽകിയത്. സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ച് നടന്ന യോഗം മുതിർന്ന നേതാക്കളുമായി നേരിട്ട് സംവദിക്കാൻ ചെന്നിത്തലയ്ക്ക് അവസരമൊരുക്കി.
മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവരുടെ പേരുകളും ശക്തമായി ഉയരുന്നുണ്ട്. സംഘടനാ മികവ് പരിഗണിച്ച് കെ.സി. വേണുഗോപാലിനെ മുൻനിർത്താൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ, പൊതുസമ്മതിയും ഭരണവിരുദ്ധ പോരാട്ടങ്ങളിലെ മികവും വി.ഡി. സതീശന് തുണയാകുമെന്നാണ് അനുയായികളുടെ വാദം. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടും ഈ തീരുമാനത്തിൽ നിർണ്ണായകമാകും.
ഞായറാഴ്ചയോടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഹൈക്കമാൻഡ് നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും കേരളത്തിലെത്തി എംഎൽഎമാരുടെ അഭിപ്രായം തേടും. വെള്ളിയാഴ്ചയോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിലായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാക്കളുമായി നേരിട്ട് സംസാരിച്ച ശേഷം പ്രഖ്യാപനമുണ്ടായേക്കും.