കെ സിക്ക് എംഎൽഎമാരുടെ വൻപിന്തുണ? വി ഡിക്കൊപ്പം ആറുപേർ മാത്രമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുമ്പോൾ സാഹചര്യം കെ സി വേണുഗോപാലിന് അനുകൂലമെന്ന് റിപ്പോർട്ട്. എഐസിസി നിരീക്ഷകർ ഇന്നലെ നടത്തിയ വ്യക്തിഗത കൂടിക്കാഴ്‌ചയിൽ, കോൺഗ്രസിന്റെ 63 നിയുക്ത എംഎൽഎമാരിൽ 47പേരും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പേര് നിർദേശിച്ചുവെന്നാണ് വിവരം.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കെ സിയെ പിന്തുണച്ചുവെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയ നേതാക്കളും പിന്തുണച്ചവരിൽ ഉണ്ടെന്നാണ് വിവരം. എന്നാൽ, രമേഷ് ചെന്നിത്തലയ്‌ക്ക് എംഎൽഎമാരിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിശ്വസ്‌തനെന്ന് അറിയപ്പെടുന്ന ഐ സി ബാലകൃഷ്‌ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരുപോലെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ചെന്നിത്തലയ്‌ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്. ഇത് ഉറപ്പ് വരുത്തുന്ന രീതിയിൽ ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈവശമുള്ള രേഖകളുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ ജനപ്രിയ മുഖമായി കാണിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് വെറും ആറ് എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് അവരുടെ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ സി വേണുഗോപാൽ കൂടിക്കാഴ്‌ചയിൽ നിന്ന് വിട്ടുനിന്നു. മുഖ്യമന്ത്രിയെ നാമനിർദേശം ചെയ്യാൻ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. തുടർന്ന് രണ്ട് ദിവസത്തിനകം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.