ഒട്ടും മയം വേണ്ടെന്ന നിലപാടിൽ കെസി പക്ഷം, 99 ശതമാനവും സാധ്യത കെസിക്കെന്ന് അവകാശവാദം

ദില്ലി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനവും സാധ്യത കെ സി വേണുഗോപാലിനെന്ന് കെസി പക്ഷ നേതാക്കൾ. പിന്മാറില്ലെന്ന സന്ദേശം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയേയും അറിയിച്ചു. ഒട്ടും മയം വേണ്ടെന്ന നിലപാടിലാണ് കെ സി പക്ഷം. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകില്ലെന്നാണ് അവകാശവാദം. ആറു മാസത്തെ സമയമുണ്ട്. സർക്കാർ നല്ല പ്രകടനം കാഴ്ച വയ്ക്കുമെന്നും അതോടെ ജയിക്കുമെന്നുമാണ് കെസി പക്ഷ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചത്. തിരുവനന്തപുരത്ത് സതീശൻ അനുകൂലികൾ കെസിയുടെ ഫ്ളക്സ് കീറിയത് പുതിയ ആയുധമാക്കാനാണ് കെസി പക്ഷ നേതാക്കളുടെ നീക്കം. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയും കീറിയെന്നാണ് വിമർശനം. ഹൈക്കമാൻഡ് നിരീക്ഷകർക്കെതിരെ വിഡി പക്ഷം പ്രചാരണം നടത്തിയെന്ന പരാതിയും ഉന്നയിക്കും.
അതേസമയം വിഡി പക്ഷവും ആത്മവിശ്വാസത്തിൽ ആണ്. എല്ലാ ഘടകങ്ങളും പരിശോധിക്കണം എന്ന് സതീശൻ ആവശ്യപ്പെടും. എംഎൽഎമാരുടെ എണ്ണം മാത്രം കണക്കിൽ എടുക്കരുത്. മത്സരിച്ചത് മുന്നണിയായിട്ടാണെന്നും ഘടക കക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും ആവശ്യപ്പെടും. എന്നാൽ സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായക ദിനം. ദില്ലിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. തര്‍ക്കം കൂടാതെ പ്രശ്നം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം വന്നേക്കാം. എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ കെ സി വേണുഗോപാല്‍ മുന്നില്‍ നില്ക്കുമ്പോള്, ഘടക കക്ഷികളുടെ നിലപാടും ജനവികാരവും വിഡി സതീശന് അനുകൂലമാണ്.
45 ലധികം എംഎൽഎമാര്‍ നിരീക്ഷകരോട് കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടെന്നാണ് കെ സി പക്ഷം അവകാശപ്പെടുന്നത്. ഈ കണക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന ഉറച്ച ആത്മവിശ്വാസമാണ് കെസി പക്ഷത്തിന്. മുഖ്യമന്ത്രി പദത്തിൽ ഘടക കക്ഷികളുടെ പിന്തുണ തുണയാകുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശൻ ക്യാമ്പ്. സംസ്ഥാന വ്യാപകമായി ഫ്ലക്സുകൾ പതിച്ചും പ്രകടനം നടത്തിയും സതീശൻ അനുകൂലികൾ തെരുവിൽ സജീവമാണ്. പിന്തുണയിൽ പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കുന്നു. അതേസമയം സമവായ സ്ഥാനാർഥിയായി താൻ എത്തുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല.