ദില്ലിയിൽ മുഖ്യമന്ത്രി ചർച്ച പൂർത്തിയായി; തീരുമാനം ഇന്നില്ല; വൈകാതെ ഉണ്ടാകുമെന്ന് നേതാക്കൾ

ന്യൂഡൽഹി ∙ ദേശീയ നേതൃത്വവുമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനമായില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മൂന്നു മണിക്കൂറോളമാണ് യോഗം നീണ്ടത്. ഇതിനുശേഷം കേരളത്തിലെ നേതാക്കൾ ദീപാ ദാസ് മുൻഷിക്കൊപ്പം വാർത്താസമ്മേളനം നടത്തി. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം മൂന്നു നേതാക്കളും വിഭാഗീയത പ്രഖ്യാപനം കേരളത്തിൽ അവസാനിപ്പിക്കണമെന്ന സംയുക്ത പ്രഖ്യാപനം നടത്തി.
ഉജ്ജ്വലമായ വിജയമാണ് കേരളത്തിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യോഗത്തിനു ശേഷം പറഞ്ഞു. ചേരിത്തിരഞ്ഞുള്ള പ്രചാരണങ്ങൾ വിഭാഗീയത ഉണ്ടാക്കുന്നുണ്ട്. അതിനാൽ എല്ലാവരും ചേർന്ന് ഒരുമിച്ച് പറയുന്നു, അങ്ങനെ പ്രചാരണം നടത്തരുത്. അത് കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കും. എല്ലാ യുഡിഎഫ് പ്രവർത്തകരോടും അത്തരം പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെടുന്നു. ഫ്ലക്സ് ബോർഡുകൾ പറ്റുമെങ്കിൽ ഇന്ന് രാത്രി തന്നെ നീക്കം ചെയ്യണം. തങ്ങൾ മൂന്നു പേർക്കും വേണ്ടിയാണ് കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തിൽ ഇത് പറയുന്നതെന്നും സതീശൻ പറഞ്ഞു.