700 രൂപയുടെ വന്ദേഭാരത് ടിക്കറ്റ് 380 രൂപ നിരക്കിൽ നൽകാമെന്ന് വാഗ്ദാനം

ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്‌പ്രസിൽ കുറ‌ഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്‌ദാനം ചെയ്‌ത ടിടിഇയെ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനറെ) ഇന്ത്യൻ റെയിൽവേ സസ്‌പെൻഡ് ചെയ്‌തു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയാണ് നടപടിക്ക് വഴിവച്ചത്.

യാത്രക്കാരനുമായി ടിടിഇ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. യാത്രയ്‌ക്കുള്ള ഔദ്യോഗിക ടിക്കറ്റ് നിരക്ക് ഏകദേശം 700 രൂപയാണെങ്കിലും 380 രൂപയ്‌ക്ക് സീറ്റ് ക്രമീകരിക്കാമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് ആരോപണം. ഇത്തരത്തിലൊന്ന് അനുവദനീയമല്ലെന്ന് അദ്ദേഹംതന്നെ യാത്രക്കാരനോട് പറയുന്നതായും റിപ്പോർട്ടുകളുണ്ട്.സോഷ്യൽമീഡിയയിൽ വീഡിയോ വൻ പ്രതിഷേധത്തിന് വഴിതുറന്നതോടെ റെയിൽവേയും ഡിആർഎം ദാനാപൂർ വിഭാഗവും വിഷയത്തിൽ ഇടപെടുകയായിരുന്നു.

തുടർന്നാണ് ടിടിഇയെ സസ്‌പൻഡ് ചെയ്‌ത് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്ത്യൻ റെയിൽവേയുടെ നിയമപ്രകാരം കാത്തിരിപ്പ് പട്ടികയിലുള്ള യാത്രക്കാരെ ഉൾപ്പെടുത്തുകയോ ഒഴിവുള്ള സീറ്റുകൾ അനുവദിക്കുകയോ ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങളിൽ ടിടിഇമാർക്ക് ഓൺബോർഡ് ടിക്കറ്റ് നൽകാൻ അധികാരമുണ്ട്. എന്നാൽ, നിശ്ചിത നടപടിക്രമങ്ങൾ പാലിക്കാതെയോ ഔദ്യോഗിക നിരക്കിൽ വ്യത്യാസം വരുത്തിയോ പണം ഈടാക്കുന്നത് ഗുരുതര ചട്ടലംഘനമായാണ് കണക്കാക്കുന്നത്.

വീഡിയോയ്‌ക്ക് താഴെ നിരവധിപേരാണ് വിമർശനങ്ങളുമായെത്തിയത്. അഴിമതിയുടെയും അധികാര ദുരുപയോഗത്തിന്റെയും ഉദാഹരണമാണ് ടിടിഇയുടെ നടപടിയെന്ന് ചിലർ വിമർശിച്ചപ്പോൾ മറ്റുചിലർ പഴയ റെയിൽവേ രീതികളുടെ തുടർച്ചയെന്നാണ് വിമർശിച്ചത്. ടിടിഇ യാത്രക്കാരനെ സഹായിക്കാൻ ശ്രമിച്ചതാണെന്ന വാദവും ചിലർ മുന്നോട്ടുവച്ചു.