‘മുഖ്യമന്ത്രിയായി വിഡി സതീശൻ മതി, സോണിയാ ഗാന്ധിയോട് മുസ്ലീം ലീഗ്

ന്യൂഡൽഹി: കേരളത്തിലെ മുഖ്യചർച്ച നീണ്ടുപോകുന്നതിനിടെ ഘടകകക്ഷികളിൽ പ്രധാനിയായ മുസ്ലീം ലീഗിന്റെ അഭിപ്രായം തേടി സോണിയാ ഗാന്ധി. വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ലീഗ് സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ വിളിച്ചപ്പോഴാണ് സതീശന് പിന്തുണ അവർത്തിച്ചത്. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജനവികാരം മാനിക്കണമെന്നും ലീഗ് നേതൃത്വം സോണിയാ ഗാന്ധിയെ അറിയിച്ചു.

ഇതിനിടെ, മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തര യോഗം മുസ്ലിം ലീഗ് വിളിച്ച് ചേർത്തിട്ടുണ്ട്. ഇന്ന് രാവിലെ 10ന് പാണക്കാട്ടാണ് യോഗം. പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം പങ്കെടുക്കുമെന്നാണ് വിവരം. കോൺഗ്രസിന്റെ തീരുമാനം വന്നാൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചായിരിക്കും പ്രധാന ചർച്ച.കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി തീരുമാനിച്ചാൽ ലീഗ് എതിർക്കാനിടയില്ല. എന്നാൽ, കെ.സി വേണുഗോപാലിനെ തിരഞ്ഞെടുത്താൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാവും ചർച്ച ചെയ്യുക.

ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിലും ചർച്ച നടക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഇനിയും കാലതാമസം വരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.തീരുമാനം വൈകുന്നത് അണികളിൽ അതൃപ്തിയുണ്ടാക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും പിന്തുണയ്ക്കും. വൈകിയെങ്കിലും ജനങ്ങൾക്ക് സ്വീകാര്യനായ വ്യക്തി വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.