യുഡിഎഫ് മന്ത്രിസഭ ചർച്ച പുരോഗമിക്കെ മന്ത്രിസ്ഥാനത്തിൽ പ്രതികരിച്ച് മാണി സി കാപ്പൻ

കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലേറാനിരിക്കെ മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ അനൗദ്യോഗികമായി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കേണ്ടത്. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയടക്കം 11 പേർ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായി. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

എന്നാൽ താൻ മന്ത്രിസഭയിൽ ഫുൾ ടൈം അംഗമായിരിക്കുമെന്ന് പ്രതികരിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ രംഗത്തെത്തി. മൂന്നാം തവണ പാലായിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്വന്തം പാർട്ടിയായ കേരളം ഡെമോക്രാറ്റിക് പാർട്ടിയുടെ ഏക എംഎൽഎയാണ്. മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തർക്കങ്ങളില്ലാതെ പരിഹരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളെല്ലാം പറയുന്നത്. കോൺഗ്രസിലെ 10 മന്ത്രിമാരെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കൂടിയായ സണ്ണി ജോസഫ് വ്യക്തമാക്കി.

അതേസമയം ആഭ്യന്തര വകുപ്പ് മുറുകെ പിടിച്ചാണ് രമേശ് ചെന്നിത്തലയുള്ളത്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനം ഉറപ്പാണ്. അഞ്ചാമതൊരു മന്ത്രിസ്ഥാനം നൽകുമോ അല്ല ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകുമോയെന്ന് വ്യക്തമല്ല. എട്ട് സീറ്റുള്ള കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സീറ്റുള്ള ആർഎസ്‌പിയും ഒരു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു.

അതേസമയം ഒരു സീറ്റ് വീതമുള്ള മൂന്ന് പാർട്ടികളും മുന്നണിയിലുണ്ട്. തിരുവനന്തപുരം സെൻട്രലിൽ ജയിച്ച സിഎംപി എംഎൽഎ സി.പി.ജോൺ, പിറവം എംഎൽഎയും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ അനൂപ് ജേക്കബുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ കൂട്ടത്തിലാണ് മാണി സി കാപ്പനുമുള്ളത്. ഓരോ അംഗം വീതമുള്ള പാർട്ടികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം എന്ന നിലപാടിലേക്ക് കോൺഗ്രസ് നിലപാടെടുത്തതായി സൂചനയുണ്ട്.