എൻഎസ്‌കെ ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി; ഉത്തരവ് പുറത്തിറക്കി പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻഎസ്‌കെ ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പാണ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.

പുതിയ ചുമതലയ്‌ക്ക് പുറമേ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്‌ടറുടെ അധിക ചുമതലയും എൻഎസ്‌കെ ഉമേഷ് വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സ്ഥാനത്തേക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നതുവരെ ആ ചുമതലയിലും അദ്ദേഹം തുടരുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഗവർണറുടെ നിർദേശപ്രകാരം അഡീഷണൽ സെക്രട്ടറി രാജേഷ് ജി ആ‌ർ ആണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.