സ്പീക്കർ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, ആദ്യം വോട്ട് ചെയ്തത് മുഖ്യമന്ത്രി

തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രോടേം സ്പീക്കർ ജി സുധാകരനാണ് ചെയറിലുള്ളത്. നിയമസഭയിൽ നടപടികൾ ആരംഭിച്ചു. എല്ലാ പത്രികകളും സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
എൽ.ഡി.എഫും സഭാ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിയും സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. മുൻമന്ത്രിയും സീനിയർ കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എ.സി.മൊയ്തീൻ ആണ് ഇടതുമുന്നണി സ്ഥാനാർത്ഥി. ബി.ജെ.പിയുടെ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാർ ആണ്.102 സീറ്റിന്റെ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ സ്പീക്കറാകുമെന്ന് ഉറപ്പാണ്. ബി.ജെ.പിക്ക് ഇത്തവണ മൂന്ന് അംഗങ്ങളാണുള്ളത്.
മറ്റ് അംഗങ്ങളായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ എന്നിവർക്കൊപ്പം എത്തിയാണ് ബി.ബി.ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി.ബേബിക്ക് പത്രിക സമർപ്പിച്ചത്.ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിട്ടില്ല. 23 മുതൽ 28 വരെ സഭ ചേരില്ല. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നുമുതൽ മൂന്നുവരെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിൻമേൽ ചർച്ച നടക്കും.