ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; ഗൺമാന്മാരടക്കം അഞ്ച് പൊലീസുകാർ പ്രതികൾ, വകുപ്പുതല നടപടിക്ക് ശുപാർശ

ആലപ്പുഴ: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻമാർ ആലപ്പുഴയിൽവച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ ഗൺമാന്മാരടക്കം അഞ്ച് പൊലീസുകാർ പ്രതികൾ. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവരാണ് കേസിലെ പ്രതികൾ. അഞ്ച് പൊലീസുകാരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
പ്രതികൾക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ നൽകികൊണ്ട് ഡിജിപിക്ക് റിപ്പോർട്ട് കൈമാറും. ഇവർക്കെതിരെ വകുപ്പ് ചുമത്തിയിട്ടില്ല. ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പൊലീസുകാർ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികൾ ഗുരുതര ചട്ടലംഘനം നടത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.2023 ഡിസംബറിൽ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാരായ അനിൽ കുമാറും സന്ദീപും
ഇപ്പോഴത്തെ എം.എൽ.എയായ എ.ഡി.തോമസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും ക്രൂരമായി മർദ്ദിച്ചത്. സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും അത് ‘രക്ഷാപ്രവർത്തന’മാണെന്നും പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചാണ് കേസെടുപ്പിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം എ.ഡി.ജി.പി ഇടപെട്ട് അട്ടിമറിച്ചെന്ന് മൊഴി പുറത്തുവന്നിരുന്നു. ഗൺമാൻമാർക്കെതിരെ നടപടി ശുപാർശ ചെയ്ത എസ്.പി ചൈത്ര തെരേസാ ജോണിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്‌ത്തിയെന്ന വിവരവും പുറത്തുവന്നു. ചൈത്ര തെരേസയെ കൊല്ലത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.