കർശന നടപടിയുമായി സർക്കാർ; നിയമലംഘനത്തിന് വൻ പിഴയും തടവും

അബുദാബി: വംശനാശ ഭീഷണി നേരിടുന്ന ജീവികളെ നിയമവിരുദ്ധമായി വിൽക്കുന്നവർക്ക് 15 വർഷം വരെ തടവും രണ്ട് മില്യൺ ദിർഹം (5,18,73,660 രൂപ) വരെ പിഴയും ചുമത്തുമെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്ദ് അബ്‌ദുള്ള അൽ ദഹാക്ക്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികൾ, സസ്യജാലങ്ങൾ എന്നിവ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപരം ചെയ്യുന്നത് ഒരു വിട്ടുവീഴ്‌ചയും നൽകാനാകാത്ത കുറ്റമാണെന്നും അവർ പറഞ്ഞു.

അറേബ്യൻ ഒറിക്‌സ് എന്ന ജീവിയുടെ പ്രജനനത്തിലും പുനരവതരിപ്പിക്കലിലും, ജലാശയങ്ങളിൽ ഡുഗോംഗ് എന്ന ജീവിക്ക് അഭയം നൽകുന്നതിനും ഫാൽക്കൺ പോലുള്ള പക്ഷികളെയും സംരക്ഷിക്കുന്നതിൽ രാജ്യം വലിയ പങ്ക് വഹിക്കുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം ഡുഗോംഗുള്ള രണ്ടാമത്തെ രാജ്യം യുഎഇയാണ്. പരേതനായ യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പൈതൃകത്തിന്റെ വിപുലീകരണമായാണ് രാജ്യത്തിന് ഈ റെക്കോർഡ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.മാത്രമല്ല, ഇന്തോനേഷ്യയുമായി ചേർന്ന് യുഎഇ ആരംഭിച്ച മാൻഗ്രോവ് അലയൻസ് ഫോർ ക്ലൈമറ്റ് (MAC) ഇപ്പോൾ 47 രാജ്യങ്ങളായി വള‌ർന്നിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോം ലോകമെമ്പാടുമുള്ള കണ്ടൽക്കാടുകളുടെ വ്യാപനത്തെ പിന്തുണയ്ക്കുന്നു. പവിഴപ്പുറ്റുകൾ പുനഃസ്ഥാപിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമുള്ള പ്രധാന പദ്ധതികൾ ഉൾപ്പെടുന്ന വിശാലമായ സമുദ്ര അജണ്ടയുടെ ഭാഗമായി, 2030 ആകുമ്പോഴേക്കും ദേശീയതലത്തിൽ 100 ​​ദശലക്ഷം കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുകയാണ് യുഎഇയുടെ ലക്ഷ്യമെന്നും ഡോ. അൽ ദഹാക് പറഞ്ഞു.