ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിന് തിരിച്ചടി

കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയും പാലക്കാട് നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലറുമായ പ്രശോഭ് വി. വത്സന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മണ്ണാർക്കാട് എസ്.സി-എസ്ടി പ്രത്യേക കോടതിയും പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രശോഭിനെതിരായ കേസ്. തന്റെ താമസസ്ഥലത്തെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ, ഉന്നത കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുമായി തനിക്ക് അടുത്ത ബന്ധമാണെന്നും, ഇത് ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം വലിയ രാഷ്ട്രീയ വിവാദമായതോടെ ഡി.സി.സി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ പ്രതി ഉടൻ അറസ്റ്റിലായേക്കുമെന്നാണ് സൂചന.