മുനമ്പം ഭൂമി വിവാദം; മുൻ സർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിൽ മുൻ സർക്കാരിനും വഖഫ് ബോർഡിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും താമസക്കാർക്ക് ഭൂനികുതി അടയ്ക്കാനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

മുൻ സർക്കാർ വഖഫ് സ്വത്തുക്കൾ രജിസ്റ്റർചെയ്യാനുള്ള കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർചെയ്യുകയായിരുന്നു. സാധാരണ മുത്തവല്ലിമാർ ചെയ്യേണ്ട ഈ കാര്യം വഖഫ് ബോർഡ് നേരിട്ട് ചെയ്തത് ദുരൂഹമാണ്. പുറമെ കുടിയൊഴിപ്പിക്കില്ലെന്ന് പറയുകയും എന്നാൽ രേഖകളിൽ ഭൂമി വഖഫ് എന്ന് മുദ്രകുത്തുകയും ചെയ്യുന്നതിലൂടെ താമസക്കാരെ ‘കൈയേറ്റക്കാർ’ ആക്കി മാറ്റാനാണ് ശ്രമിച്ചത്.

വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവുകൾ പോലും വഖഫ് ബോർഡ് സ്റ്റേ ചെയ്യിച്ചു. പത്ത് മിനിറ്റിനുള്ളിൽ തീർക്കാവുന്ന പ്രശ്നം സങ്കീർണ്ണമാക്കാനാണ് ഇവർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുനമ്പം വിഷയത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് മുൻ സർക്കാർ കുടപിടിക്കുകയായിരുന്നുവെന്നും വി.ഡി. സതീശൻ ആരോപിച്ചു.