വീണാ വിജയന് സമൻസ്; 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

തിരുവനന്തപുരം: സിഎംആർഎൽ – എക്‌സാലോജിസ് കേസിൽ ഇന്നലെ 12 ഇടങ്ങളിൽ നടത്തിയ റെയ്‌ഡിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടററേറ്റ് (ഇ ഡി) കടുത്ത നടപടികളിലേക്ക് കടക്കുന്നതായി വിവരം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയക്കാൻ ഇ ഡി തീരുമാനിച്ചു.

വീണയിൽ നിന്ന് പിടിച്ചെടുത്ത ബാങ്ക് രേഖകളും വിശദമായി ഏജൻസി പരിശോധിക്കും. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 242 ബാങ്ക് അക്കൗണ്ടുകൾ ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. ഇവയിലെല്ലാം കൂടി ആകെ 18.36 കോടി രൂപയാണുള്ളത്. വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്ത ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും മറ്റ് ബാങ്ക് രേഖകളും പരിശോധിച്ച ശേഷം പണത്തിന്റെ ഉറവിടവും അതിന്റെ വിനിയോഗവും കണ്ടെത്തും.

നൽകാത്ത സേവനങ്ങൾക്കായി ലഭിച്ച പണം ഏത് തരത്തിലാണ് ഉപയോഗിച്ച് വീണ നിക്ഷേപങ്ങളോ മറ്റ് ആസ്‌തികളോ വാങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കും.റെയ്‌ഡിൽ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് വീണ നൽകിയ മറുപടി തൃപ്‌തികരമല്ലെന്നാണ് റിപ്പോർട്ട്. അതിനാൽ വരും ദിവസങ്ങളിൽ വീണയ്‌ക്ക് നോട്ടീസ് നൽകി കൊച്ചിയിലെ ഇ ഡി ആസ്ഥാനത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചെന്നും വിവരമുണ്ട്.

130 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഈ പണം എക്‌സാലോജിക്കിന് പുറമേ ഏതൊക്കെ കമ്പനികളിലേക്ക് പോയിട്ടുണ്ടെന്നും അതിൽ ആർക്കൊക്കെ പങ്കുണ്ടെന്നും ഇ ഡി പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും.