പിണറായിക്ക് ബി.ജെ.പി നൽകിയ ലൈഫ് ജാക്കറ്റാണ് ഈ റെയ്ഡ്; സന്ദീപ് വാര്യർ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇ.ഡി റെയ്ഡ് ബി.ജെ.പിയും സി.പി.ഐ.എമ്മും ചേർന്ന് നടത്തിയ ഒരു ഒത്തുകളിയാണെന്ന് കോൺഗ്രസ് എം.എൽ.എ സന്ദീപ് വാര്യർ. കേരളത്തിലെ ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിയാൻ കെൽപ്പുള്ളവരാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റികളിൽ നിന്ന് കടുത്ത വിമർശനം നേരിട്ട് നിൽക്കുന്ന പിണറായിയെ സഹായിക്കാനാണ് കേന്ദ്രം കൃത്യസമയത്ത് ഇ.ഡിയെ ഇറക്കിയത്. ഇതിലൂടെ അണികളെ വൈകാരികമായി തനിക്കൊപ്പം നിർത്താൻ പിണറായിക്ക് സാധിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഈ റെയ്ഡ് വെറും തിരക്കഥയാണ്. അണികളിൽ ‘വേട്ടയാടപ്പെടുന്നു’ എന്ന തോന്നലുണ്ടാക്കി പിണറായിയുടെ കസേര ഉറപ്പിക്കാനുള്ള ബി.ജെ.പിയുടെ ‘ഡീൽ’ ആണിതെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ബോധപൂർവ്വം ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണിത്. കേരളത്തിലെ ജനങ്ങൾ ചോറുണ്ണുന്നവരാണെന്നും ഇത്തരം രാഷ്ട്രീയ നാടകങ്ങൾ അവർ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും സന്ദീപ് വാര്യർ ഓർമ്മിപ്പിച്ചു.